പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രമഴിപ്പിച്ച സംഭവം; ഡോ.ആര്‍ ബിന്ദു കേന്ദ്രമന്ത്രിക്ക് കത്തയച്ചു

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധത്തില്‍ കേരളം. വിഷയത്തില്‍ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.

കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ കോളജിലെത്തിച്ച് സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. നാല് വനിതകളും നാല് പുരുഷന്മാരുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ സാരിയുടുത്ത മറ്റ് രണ്ട് സ്ത്രീകളാണ് വിദ്യാര്‍ത്ഥിനികളെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരീക്ഷ നടത്തുന്ന ഏജന്‍സി അയച്ച ജീവനക്കാര്‍ അല്ല ഇവരെന്നും കോളജ് ജീവനക്കാരാണെന്നും പൊലീസ് പറഞ്ഞതായി സെക്യൂരിറ്റി പറഞ്ഞു.

വിഷയത്തില്‍ കോളജിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും ഏജന്‍സിയാണ് പരീക്ഷാ നടത്തിപ്പ് പ്രക്രിയകള്‍ നടത്തിയതെന്നുമായിരുന്നു ഇന്നലെ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *