തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു. കേരളത്തിനുളള അധിക റേഷന്‍ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയാണ് അധികവിഹിതമായി നല്‍കിയിരുന്ന 15000 ടണ്‍ അരിയും 5000 ടണ്‍ ഗോതമ്പും കേന്ദ്രം നിര്‍ത്തലാക്കിയത്. എല്‍.പി.എല്ലുകാര്‍ക്ക്, രണ്ടു രൂപ,8.90 രൂപ നിരക്കുകളില്‍ ഒന്‍പത് കിലോ നല്‍കിയിരുന്ന അരി ആറുകിലോയാക്കി ചുരുക്കിയിട്ടുണ്ട്. ഗോതമ്പ് രണ്ടുകിലോയ്ക്ക് പകരം ഒരു കിലോയേ ഇനി കിട്ടുകയുള്ളൂ. ബി.പി.എല്ലുകാര്‍ക്കുള്ള ഒരു രൂപ അരി 25ല്‍ നിന്ന് 18 കിലോയായി കുറയും. എന്നാല്‍ അന്ത്യോദയ പദ്ധതിയുടെ സ്‌റ്റോക്കുള്ള അരി തല്‍ക്കാലം ബി.പി.എല്ലുകാര്‍ക്ക് കൊടുക്കാനാണ് നിര്‍ദേശം. പക്ഷെ രണ്ട് മാസത്തേയ്‌ക്കേ ഇത് തികയൂ.

പഞ്ചസാരയുടെ വിതരണം നേരത്തെ തന്നെ മുടങ്ങിയിരുന്നു. അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍വിതരണവും പ്രതിസന്ധിയിലാകും. അതേസമയം ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള സമയപരിധി മൂന്നുമാസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ അധികവിഹിതം പുനസ്ഥാപിച്ചുകിട്ടാന്‍ ശ്രമം തുടരുകയാണന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
