തിരുവനന്തപുരം: അടിമലത്തുറ,പാറ്റൂര്‍ ഭൂമി വിഷയങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
അടിമലത്തുറയിലെ കായല്‍ കയ്യേറിയുള്ള ഫഌറ്റ് നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് . വി എസ് സുനില്‍കുമാര്‍ എം എല്‍ എയാണ് നോട്ടീസ് നല്കിയത്. വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. അടിമലത്തുറയിലെ അതേ കമ്പനിയാണ് പാറ്റൂരിലെ വിവാദമായ ഫഌറ്റ് പണിതതും. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമിയിടപാടിനെക്കുറിച്ചും വി.എസ്.സുനില്‍കുമാര്‍ ചര്‍ച്ച് ആവശ്യപ്പെട്ടു.
അടിമലത്തുറയിലെ കമ്പനിക്ക് അനുമതി നല്‍കിയത് നിബന്ധനകളോടെയാണെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി ഉദ്യോഗസ്ഥര്‍ അടിമലത്തുറയില്‍ പരിശോധന നടത്തുമെന്നും പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.