തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ രണ്ട് ദിവസമായി തുടരുന്നു. കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് ഒരാളും വയനാട്ടില്‍ കുഴഞ്ഞുവീണ് ഒരാളും മരിച്ചു. കോട്ടയത്തും വയനാടും തിരുവനന്തപുരത്തും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി.
തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉഴമലയ്ക്കല്‍ പിറവൂര്‍ വണ്ടക്കല്‍ തേക്കാവിള പുത്തന്‍ വീട്ടില്‍ തങ്കപ്പനാശാരി (69) യാണു മരിച്ചത്.
വയനാട്ടില്‍ പുല്‍പ്പളളി പാളക്കൊല്ലി മാടല്‍ പാടി കോളനിയിലെ ചന്ദ്രന്‍ (55) ആണ് വീടിനുള്ളില്‍ കയറിയ വെള്ളം കോരിക്കളയുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചത്.
റാന്നിയിലും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലും വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. ബ്രൈമൂര്‍ മങ്കയത്തിനു സമീപം ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒരു വീട് ഒലിച്ചുപോയി.
ബോണക്കാടിനു സമീപം റോഡിലേക്കു മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ആള്‍ക്കാരെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാറ്റിന്റെ വേഗത വര്‍ദ്ധിച്ചതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുട്ടം ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷി നശിച്ചു. പ്രദേശത്ത് ആഞ്ഞുവീശിയ ശക്തമായകാറ്റില്‍ വൈദ്യുതി ബന്ധം തകര്‍ന്നു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു.
പുല്‍പ്പള്ളി മേഖലയില്‍ ഇരുപതോളം വീടുകള്‍ തകര്‍ന്നു. മേപ്പാടി മേഖലയില്‍ ഇടിമിന്നലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വയനാട് ചുരത്തിന്റെ ഒന്നാം വളവില്‍ ഇന്നലെ ഉച്ചയോടെ മണ്ണിടിച്ചിലുണ്ടായെങ്കിലും റോഡിലെ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.