പി.വി സിന്ധു ആന്ധ്രാപ്രദേശ് ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റു


റിയോ ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ ഉയര്‍ത്തിയ പി.വി സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റു. ആന്ധ്രാപ്രദേശിലെ ഗൊല്ലാപുടിയില്‍ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റില്‍ ബുധനാഴ്ചയാണ് സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റത്. ചീഫ് കമ്മീഷ്ണര്‍ ഓഫ് ലാന്റ് അഡ്മിനിസ്ട്രേറ്റേഴ്സ് ഓഫീസില്‍ എത്തിയാണ് സിന്ധു പദവിയില്‍ പ്രവേശിച്ചത്.


ജൂലൈ 29ന് ഇത് സംബന്ധിച്ച നിയമന കത്ത് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സിന്ധുവിന് കൈമാറിയിരുന്നു. മുപ്പത് ദിവസത്തിനകം പദവി ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തന്റെ ആദ്യത്തെ പരിഗണന ബാഡ്മിന്റണ്‍ ആണെന്ന് സിന്ധു പ്രതികരിച്ചു. സ്പോര്‍ട്സില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സിന്ധു പറഞ്ഞു. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.


റിയോ ഒളിമ്ബിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയിലേക്ക് ആദ്യമായി വെള്ളിമെഡല്‍ നേട്ടം കൊണ്ടുവന്ന പി.വി സിന്ധുവിന് ഗ്രൂപ്പ് വണ്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ആന്ധ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപയും ആയിരം ചതുരശ്രയടി സ്ഥലവും സിന്ധുവിന് നല്‍കിയിരുന്നു. മൂന്ന് വര്‍ഷക്കാലയളവില്‍ സിന്ധു പ്രേബേഷനിലായിരിക്കും. ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് പി.വി സിന്ധു.



Sharing is Caring