സഹകരണ സംഘങ്ങള്‍ കൂടുതല്‍ ആധുനികവത്കരിക്കണം-സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

സഹകരണ സംഘങ്ങള്‍ സാങ്കേതിക സംവിധാനത്തിലൂടെ കൂടുതല്‍ ആധുനികവത്കരിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അന്തര്‍ദേശീയ സഹകരണദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ സമാപനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് വളരെ പെട്ടെന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാലാണ്. സഹകരണ സ്ഥാപനങ്ങളും ഇത്തരത്തില്‍ മാറിയാല്‍ ഈ ഒഴുക്ക് തടയാന്‍ കഴിയും. ഉന്നതവിദ്യാഭ്യാസ മേഖലയിലും ടൂറിസത്തിന്റെ വളര്‍ച്ചക്കും ആരോഗ്യമേഖലയിലും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹകരണമേഖലയ്ക്ക് കഴിയണം. സഹകരണ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് വട്ടിപ്പലിശക്കാരെ തടയുന്നതിന് ആരംഭിച്ച മുറ്റത്തെ മുല്ല എന്ന പദ്ധതി. ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഓണക്കാലത്ത് 3500 ഓണച്ചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സഹകരണസംഘം രജിസ്ട്രാര്‍ ഇ.ആര്‍. രാധാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹകരണദിന സന്ദേശം നല്‍കി. കെ.എസ്.സി.എ.ആര്‍.ഡി.ബി പ്രസിഡന്റ് സോളമന്‍ അലക്‌സ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, കരകുളം കൃഷ്ണപിള്ള, ടൂര്‍ഫെഡ് ചെയര്‍മാന്‍ സി. അജയകുമാര്‍, എസ്.സി, എസ്.ടി ഫെഡറേഷന്‍ പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി, വനിതാഫെഡ് ചെയര്‍പേഴ്‌സണ്‍ കെ.ആര്‍. വിജയ, കെ.സി.ഇ.യു ജനറല്‍ സെക്രട്ടറി വി.എ.രമേഷ്, കെ.സി.ഇ.എഫ്, ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി, കെ.സി.ഇ.സി ജനറല്‍ സെക്രട്ടറി വി.എം. അനില്‍, സി.ഇ.ഒ ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു. മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും സ്പീക്കര്‍ വിതരണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *