ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം വെക്കാന്‍ പിരിവ്; എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍

റോഡില്‍ ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ പരസ്യം പതിക്കാനെന്ന പേരില്‍ ഏജന്റിനെ വെച്ച്‌ പണം പിരിച്ച എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. അബ്ദുള്‍ നാസറിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈ.എസ്.പി. പി.പി. സദാനന്ദന്‍ നല്‍കിയ പ്രാഥമികറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ നഗരത്തിലെ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനെന്ന പേരിലായിരുന്നു പിരിവ്. ബോര്‍ഡ് സ്ഥാപിക്കുന്ന ഒരാളെയാണ് പിരിവിനായി നിയോഗിച്ചിരുന്നത്. ഇതിലൂടെ നഗരത്തിലെ വ്യാപാരികളില്‍നിന്നായി 52,000 രൂപ പിരിച്ചെടുത്തുവെന്നാണ് ഡിവൈ.എസ്.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ട്രാഫിക് പോലീസ് സ്‌റ്റേഷനിലോ അവിടത്തെ എസ്.ഐ.ക്കോ ഇതുസംബന്ധിച്ച്‌ അറിവുണ്ടായിരുന്നില്ല. ട്രാഫിക്കുമായി ബന്ധപ്പെട്ട ഒരു ചുമതലയും അബ്ദുള്‍നാസറിനുണ്ടായിരുന്നില്ല.

പണം വാങ്ങിയിട്ടും ബോര്‍ഡ് സ്ഥാപിക്കാതിരുന്നതിനാല്‍ ചില വ്യാപാരികള്‍ ട്രാഫിക് പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പിരിവിന്റെ വിവരം അറിയുന്നത്. ഇക്കാര്യം ഡിവൈ.എസ്.പി.യെ അറിയിച്ചപ്പോള്‍ അന്വേഷണം തുടങ്ങി. പിരിവുനടത്തിയ ഏജന്റിനെ ചോദ്യംചെയ്തപ്പോള്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തന്നോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കി. പണം പിരിച്ചെടുത്ത വ്യാപാരികളില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു. എസ്.ഐ. നേരിട്ട് വിളിച്ചുപറഞ്ഞാണ് പണം നല്‍കിയതെന്ന് പലരും മൊഴിനല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *