പരശുറാമിനെ ഗൗരി ലങ്കേഷിന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു


ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്‌മറെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. രാജരാജേശ്വരി നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. പരശുറാം വാഗ്‌മറിന് തോക്ക് നല്‍കിയവരെയാണ് ഇനി പിടികൂടാനുള്ളത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ഗൗരി ലങ്കേഷിനെ വധിക്കാന്‍ പരശുറാമിന് നിര്‍ദേശം നല്‍കുന്നത്. ഇവരുടെ രേഖാചിത്രം തയ്യാറാക്കി പിടികൂടാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.


ഹിന്ദുത്വ ആശയത്തോടുള്ള പരശുറാമിന്റെ ഉറച്ചബന്ധമാണ് ദൗത്യത്തിന് നിയോഗിക്കാന്‍ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി അമോല്‍ കലെയാണ് മുഖ്യ ആസൂത്രകന്‍. അമോല്‍ കലെ അടക്കമുള്ള മൂന്നംഗസംഘമാണ് പരശുറാമിനെക്കണ്ട് ഗൗരി ലങ്കേഷിനെ വധിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ആദ്യം നിര്‍ദേശം അവഗണിച്ചെങ്കിലും സംഘത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആയുധപരിശീലനത്തിന് ചേരുകയായിരുന്നുവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹിന്ദുസംഘടനകള്‍ക്കെതിരേയുള്ള ഗൗരി ലങ്കേഷിന്റെ നിലപാടുകള്‍ വിവരിച്ചാണ് പരശുറാമിനെ ദൗത്യത്തിന് സജ്ജമാക്കിയത്. വെടിവെപ്പ് പരിശീലനം നേടിയ ബെലഗാവിയിലെ വനത്തിലും പോലീസ് തെളിവെടുപ്പ് നടത്തി. നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ഗൗരി ലങ്കേഷിനെ കൊല്ലാനായി ഉപയോഗിച്ചത് 7.65 എം. എം. നാടന്‍ പിസ്റ്റളാണെന്ന് തെളിഞ്ഞിട്ടുണ്ട്.


അറസ്റ്റിലായ പുണെ സ്വദേശി അമോല്‍ കലെ, ഗോവ സ്വദേശി അമിത് ദിഗ്‌വേക്കര്‍, വിജയപുര സ്വദേശി മനോഹര്‍ എന്നിവരാണ് എം.എം. കലബുര്‍ഗി, ഗോവിന്ദ് പാന്‍സരെ എന്നിവരുടെ വധത്തിനുപിന്നിലുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.



Sharing is Caring