ഖാദി വാങ്ങൂ…പാവങ്ങളേയും ആവശ്യക്കാരേയും സഹായിക്കൂ- മോദി

ഗാന്ധിജയന്തി ദിനത്തില്‍ ഖാദി വസ്ത്രങ്ങള്‍ വാങ്ങി പാവപ്പെട്ട തൊഴിലാളികളെ സഹായിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കിബാതില്‍. കൈത്തറി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് അത് ആശ്വാസം പകരുമെന്നും മോദി പറഞ്ഞു.

കൈത്തറി വ്യവസായം അന്യം നിന്ന് പോവുകയാണ്. അതിനെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. പാവപ്പെട്ട ഖാദി തോഴിലാളികളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോവാനും ഇത് സഹായിക്കും- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം വികസിപ്പിക്കാനും പ്രധാനമന്ത്രി അഹ്യാനം ചെയ്തു. വളരെയേറെ വൈവിദ്ധ്യങ്ങളുള്ള നാടാണ് ഇന്ത്യയെന്നും നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

രാജ്യത്തോട് ആകമാനം സംവദിക്കാനുള്ള അവസരമാണ് മന്‍ കി ബാത് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തിന്റെ 36ാം ഭാഗമായിരുന്നു ഇന്നത്തെത്.

ഭര്‍ത്താക്കന്മാര്‍ വീരമൃത്യു വരിച്ച ശേഷം സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റനന്റ് സ്വാതി മഹാദിക്കിനെയും നിധി ദൂബെയയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ പതിനെട്ടുകാരന്‍ ബിലാല്‍ ദാര്‍ ദാല്‍ തടാകത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. 12000 കിലോഗ്രാം മാലിന്യമാണ് ഒരു വര്‍ഷം കൊണ്ട് ബിലാല്‍ നീക്കം ചെയ്തത്.

സ്വച്ഛതാ ഹി സേവാ ഹേ ക്യാമ്പയിനു ലഭിക്കുന്ന പിന്തുണയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്വച്ഛത(ശുചിത്വം)ജീവിതശൈലിയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *