കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കര്‍സേവയാണ് തെരഞ്ഞെടുപ്പ് സര്‍വ്വേകളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍വേ നടത്താന്‍ ആരാണോ അവരെ എല്‍പ്പിക്കുന്നത് അവര്‍ക്കു വേണ്ട ഫലമാണ് സര്‍വേഫലമായി പുറത്തുവരുന്നത്. സംസ്ഥാനത്ത് യു ഡി എഫ് കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സര്‍വേ ഫലം അവര്‍ക്ക് 20ല്‍ 17 സീറ്റും നല്‍കുന്നു. സര്‍വേ എന്നത് ഏല്‍പ്പിച്ചു നടത്തുന്ന ജോലിയാണ് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സര്‍വേഫലങ്ങള്‍ യു ഡി എഫിന് തൊണ്ണൂറിലധികം സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നതാണ്. പക്ഷെ അത് യഥാര്‍ത്ഥ ഫലത്തില്‍ കണ്ടില്ലെന്നത് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.
കൊടുംവഞ്ചന കാണിച്ചാണ് ആര്‍ എസ് പി എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ ചേര്‍ന്നത്. യു ഡി എഫിലേക്ക് എത്തിയ ആര്‍ എസ് പി കുടുംബത്തില്‍ തിരച്ചെത്തി എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അവര്‍ തമ്മില്‍ നേരത്തെയുണ്ടാക്കിയ ധാരണയുടെ തെളിവാണിത്.
തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് അബ്രഹം വിദ്യാഭ്യാസ കച്ചവടത്തിന്റെ പേരില്‍ എസ് എഫ് ഐയും ഡി വൈ എഫ് ഐയും എതിര്‍ത്തുപോരുന്നയാളാണെന്ന എ കെ ആന്റണിയുടെ ആരോപണം ശരിയല്ലെന്നും പിണറായി പറഞ്ഞു. ഒരു സ്ഥാനാര്‍ഥിക്ക് എന്തെല്ലാം ഗുണങ്ങള്‍ വേണമോ ആ ഗുണങ്ങളൊക്കെയുള്ള നല്ല സ്ഥാനാര്‍ഥിയാണ് ബെന്നറ്റ് അബ്രഹാം. വിദ്യാഭ്യാസ കച്ചവടക്കരാനായി അദ്ദേഹത്തെ ചിത്രീകരിക്കുന്നത് ശരിയല്ല. സ്വന്തമായി പ്രയത്‌നിച്ച് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം ആതുരസേവനരംഗത്ത് ജനങ്ങള്‍ക്ക് ഏറെ സ്വീകാരനുമാണ്. അദ്ദേഹത്തെ എ കെ ആന്റണി എതിര്‍ക്കുന്നത് പഴയ യൂത്ത് കോണ്‍ഗ്രസ് ശൈലി മനസ്സിലുള്ളതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയെ കോടിയേരി ബാലകൃഷ്ണന്‍ കണ്ടതുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ തരം താണ നിലയിലാണ് പ്രസ്താവനകള്‍ നടത്തുന്നത്. ശ്രീധരന്‍ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ ഇതേ ജഡ്ജി തന്നെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന വിധി പറഞ്ഞിട്ടുണ്ട്. അതില്‍ വിഷമം തോന്നിയെങ്കിലും ഞങ്ങള്‍ എതിര്‍ക്കാന്‍ പോയില്ല. അന്ന് ആ വിധിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ തരംതാഴ്ന്ന പ്രസ്താവനകള്‍ നടത്തുന്നത്. പൊതുപ്രവര്‍ത്തകനായ കോടിയേരി പരിചയക്കാരനായ ഒരു ജഡ്ജിയെ കണ്ടു എന്നതിനെ മഹാപാതകമാക്കി കാണുന്നത് മറ്റൊരു വിഷയവുമില്ലാത്തതിനാലാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട് പ്രസ്സ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.