തലസ്ഥാന ജില്ലയുടെ പരിധിയില്‍ തന്നെ ലോക്‌സഭാ മണ്ഡലങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവയ്ക്ക് മാത്രം അവകാശപ്പെടാനൊരു പ്രതേ്യകതയുണ്ട്. ഒന്നിലധികം ലോക്‌സഭാ മണ്ഡലങ്ങള്‍ ഒരു ജില്ലയുടെ പരിധിയില്‍ മാത്രം പൂര്‍ണമായും ഉള്‍ക്കൊളളുന്ന മണ്ഡല ജോഡികളാണ് ഇവ. തലസ്ഥാന ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങളില്‍ ഏഴു വീതം ഉള്‍പ്പെട്ടതാണ് ഈ മണ്ഡലങ്ങള്‍. കേരളത്തിലെ ബാക്കി 13 ജില്ലകളിലേയും അസംബ്ലി മണ്ഡലങ്ങള്‍ക്ക് ഈ വിധം അതത് ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ പൂര്‍ണമായും വരാന്‍ കഴിയുന്നില്ല.
കേരളത്തില്‍ ആകെയുളള 140 അസംബ്ലി മണ്ഡലങ്ങളില്‍ ഏഴു വീതം ചേര്‍ത്താണ് 20 ലോക്‌സഭാ മണ്ഡലങ്ങള്‍ നിര്‍ണയിച്ചിട്ടുളളത്. അതത് സംസ്ഥാനങ്ങളുടെ വടക്കുനിന്നും ഘടികാര ക്രമത്തില്‍ മണ്ഡല നിര്‍ണയം നടത്തുന്നതുകൊണ്ടാണ് ഏറ്റവും തെക്കുളള തലസ്ഥാന ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങള്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ പൂര്‍ണമായും ഉള്‍ക്കൊളളിക്കാന്‍ കഴിയുന്നത്. അതുകൊണ്ട്തന്നെയാണ് 16 അസംബ്ലി മണ്ഡലങ്ങളുളള മലപ്പുറം ജില്ലയ്ക്ക് പോലും ഈ സവിശേഷത ഇല്ലാതെ വരുന്നത്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ അതേ ജില്ലയില്‍തന്നെ പൂര്‍ണമായും ഉള്‍ക്കൊളളുന്നുവെങ്കിലും അവിടങ്ങളിലെ ശേഷിക്കുന്ന അസംബ്ലി മണ്ഡലങ്ങള്‍ സമീപ ജില്ലകളിലെ അസംബ്ലി മണ്ഡലങ്ങളോടൊപ്പം ചേര്‍ന്നാണ് ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് രൂപം നല്‍കുന്നത്. കാസര്‍ഗോഡ്, വടകര, പൊന്നാനി, ആലത്തൂര്‍, ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങള്‍ രണ്ട് ജില്ലകളിലായി ഉള്‍പ്പെടുന്നതാണ്.
മേല്‍ പറഞ്ഞ 18 മണ്ഡലങ്ങള്‍ക്ക് പുറമേയുളള വയനാട്, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങള്‍ മൂന്നു ജില്ലകളുടെ പരിധിയില്‍പ്പെടുന്നവയാണ്. വയനാട് മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും കോഴിക്കോട് ജില്ലയിലെ ഒന്നും അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. മാവേലിക്കരയിലാകട്ടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ മൂന്ന് വീതവും കോട്ടയം ജില്ലയിലെ ഒന്നും അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് മുമ്പും തിരുവനന്തപുരം ജില്ലയില്‍ മാത്രമായിരുന്നു അവിടെയുളള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി ജില്ലയിലെ മൊത്തം അസംബ്ലി മണ്ഡലങ്ങളും ഉള്‍പ്പെട്ടിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *