എല്‍ ഡി ക്ലര്‍ക്ക് നിയമനം: ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലേക്ക്

കോഴിക്കോട്: പി എസ് സി നടത്തിയ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഭാരവാഹികള്‍ അറിയിച്ചു. 2012 മാര്‍ച്ച് 31 ന് പ്രസിദ്ധീകരിച്ച ജില്ലയിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും ഇതുവരെ ആകെ 421 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. 3920 പേരുടെ ലിസ്റ്റാണ് പി എസ് സി പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ 1030 പേരാണ് പ്രധാന ലിസ്റ്റില്‍ മാത്രം നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ കാലാവധി അവസാനിച്ച ലിസ്റ്റില്‍ നിന്നും 1100 ഓളം പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. അടുത്ത എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള പരീക്ഷ ഇക്കഴിഞ്ഞ ജനുവരിമാസത്തില്‍ നടന്നു. ഈ സാഹചര്യത്തില്‍ നിയമനം ലഭിക്കുന്നത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്. ഇതേ കാലഘട്ടത്തില്‍ നൂറില്‍ പരം ആശ്രിത നിയമനങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല പഞ്ചായത്തുകളിലും താല്‍ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഉള്‍പ്പെടെ വിരമിച്ച ജീവനക്കാര്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്. ജില്ലയില്‍ നടത്തിയ നിയമനങ്ങളില്‍ 42 എണ്ണം വകുപ്പുതല പ്രമോഷന്റെ ഭാഗമായാണ്. ഫലത്തില്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം 379 മാത്രം. നിലവില്‍ 200-ല്‍ പരം എല്‍ ഡി ക്ലാര്‍ക്ക് തസ്തികകള്‍ ജില്ലയില്‍ ഒഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളോട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ചില ജനപ്രതിനിധികള്‍ക്കെതിരെ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *