സർവകലാശാല വി.സി താത്കാലിക നിയമനം റദ്ദാക്കണമെന്നുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

സാങ്കേതിക സർവകലാശാല വി.സി താത്കാലിക നിയമനം റദ്ദാക്കണമെന്ന സർക്കാർ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി കഴിഞ്ഞ തവണ തള്ളിയിരുന്നു. ഹർജിയിൽ വിശദ വാദമാണ് ഇന്ന് നടക്കുക.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല ഡോ.സിസ തോമസിന് നൽകിയ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യത്തില്‍ വിശദ വാദം കേള്‍ക്കും. സർവകലാശാലയ്ക്ക് വി.സി ഇല്ലാത്ത അവസ്ഥ വരുമെന്നു വിലയിരുത്തി കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. ഹർജിയിൽ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി നിലപാട് വ്യക്തമാക്കേണ്ടത്.

വി.സിയുടെ പേര് ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനെന്നാണ് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ ചാൻസലർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ചാൻസലറായ ഗവർണ്ണർ, നിലവിലെ വി.സി ഡോ.സിസ തോമസ് എന്നീ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നേരത്തെ സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വി.സിയുടെ ചുമതല ഗവർണ്ണർ നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *