
നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം ‘ജാനകി ജാനേ’ റിലീസിന് തയാറെടുക്കുന്നു.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ നിര്‍മ്മിക്കുന്ന ജാനകി ജാനെയില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യാ നായര്‍, ജോണി ആന്റണി, ഷറഫുദ്ധീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അന്‍വര്‍, മണികണ്ഠന്‍ എന്നിവരാണ്.ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായ ‘ജാനകി ജാനേ’യുടെ പ്രധാന ലൊക്കേഷന്‍ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു.
ജാനകി ജാനെയുടെ ആദ്യ ടീസര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്.തീര്‍ത്തും നര്‍മ്മം കലര്‍ന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പിന്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഉണ്ണി മുകുന്ദന്‍ എന്ന പേരിലാണ് സൈജു കുറുപ്പ് ജാനകി ജാനെയില്‍.സബ് കോണ്ട്രാക്‌ടര്‍ ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ് നായകനാവുമ്ബോള്‍ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാ നായര്‍ നായികയാവുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

സംവിധായകന്റെ വാക്കുകളിലേക്ക്. “നമുക്കെല്ലാവര്‍ക്കും പരിചയമുള്ള , എന്നാല്‍ പലരും പറയാന്‍ വിട്ട് പോയ ഒരു ചെറിയ കഥയാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്. ഇതില്‍ അമാനുഷികമായ ഒന്നും തന്നെയുണ്ടാവില്ല. പ്രേക്ഷകര്‍ക്ക് എളുപ്പം കണക്‌ട് ചെയ്യാന്‍ പറ്റുന്ന ഫോര്‍മാറ്റിലാണ് ജാനകി ജാനെയുടെ സ്ക്രിപ്റ്റിങ് പാറ്റേണ്‍.”ജാനകി ജാനെയുടെ സംഗീത സവിധായകര്‍ കൈലാസ് മേനോനും സിബി മാത്യു അലക്സുമാണ്. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്.
