ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്,പക്ഷേ ആശുപത്രിയുടെ ഈ വീഴ്ചയ്‌ക്കെതിരെ ഞങ്ങള്‍ പോരാടും… ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

നാവിന്റെ ഇടത് ഭാഗത്തായി ഒരു പുണ്ണിന് ചികിത്സ തേടിയ നാല്‍പ്പത്തിയെട്ടുകാരന്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലായ ചികിത്സ പിഴവിനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാവുന്നു. നാവിലെ ചെറിയ പുണ്ണ് നോണ്‍ ഹീലിംഗ് അള്‍സര്‍ ആണെന്ന തിരിച്ചറിവിലാണ് രാജന്‍ എന്ന നാല്‍പ്പത്തിയെട്ടുകാരനെ MVR കാൻസർ സെന്റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച്‌ ശസ്ത്രക്രിയ നടത്തുകയും, ആരോഗ്യവാനായതിനെ തുടര്‍ന്ന് ആശുപത്രി മുറിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യ നില പിന്നീട് വഷളാവുകയായിരുന്നു. ഈ മാസം പതിനാറാം തീയതിയാണ് രാജനെ സര്‍ജറിക്ക് വിധേയനാക്കിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാത്രിയോടെ നഴ്സ് വന്ന് വേദനക്കുള്ള ഒരു ഇന്‍ജെക്ഷന്‍ എടുത്തു മടങ്ങിയതോടെയാണ് രാജന്റെ ശാരീരിക ബുദ്ധിമുട്ടുണ്ടായത്. തുടര്‍ന്ന് ബന്ധുക്കള്‍ നഴ്സസ് സ്റ്റേഷനില്‍ പോയി ഈ ബുദ്ധിമുട്ടുകള്‍ പറഞ്ഞുവെങ്കിലും അവര്‍ വേണ്ട ശ്രദ്ധ നല്‍കാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടില്‍ പ്രതികരിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ബന്ധുവായ ഡോക്ടര്‍ വിജിത് കുറിക്കുന്നത്. ഏതാണ്ട് രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും രോഗി രക്തം ശര്‍ദ്ധിക്കുകയും ചെയ്ത ശേഷമാണ് അടിയന്തിര സഹായത്തിനായി ഡോക്ടറെ വിളിക്കാന്‍ നഴ്സസ് സ്റ്റേഷനില്‍ നിന്നും തയ്യാറായത്.

കാന്‍സര്‍ ചികിത്സ രംഗത്ത് പ്രശസ്തമായ MVR കാൻസർ സെന്റർ ആശുപത്രിയില്‍ നിന്നും ഇത്തരത്തില്‍ ഗുരുതരമായ ചികിത്സ പിഴവ് ഉണ്ടായതില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുന്‍പ് ആ അടിയന്തിര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഞങ്ങടെ കുട്ടേട്ടന്‍ ചിരിച്ചു ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടന്‍ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങള്‍ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങള്‍ പോകുമെന്ന് വിജിത് കുറിപ്പില്‍ എഴുതുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *