കുമ്മനത്തിന്റെ മടങ്ങിവരവ്,​ സെന്‍കുമാറും സുരേന്ദ്രനും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: ബി.ജെ.പി നേതൃയോഗം ഇന്ന് തൃശൂരില്‍

തൃശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബി.ജെ.പി നേതൃയോഗം ഇന്ന് തൃശൂരില്‍ ചേരും. ശബരിമലയുമായി വിഷയം കത്തിനില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ബി.ജെ.പി മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും മത്സരിക്കാന്‍ സാദ്ധ്യതയുണ്ട്. കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍,​ ശോഭ സുരേന്ദ്രന്‍,​ എം.ടി രമേശ്,​ എ.എന്‍ രാധാകൃഷ്ണന്‍,​ എന്നിവരും മത്സരരംഗത്തുണ്ടാകും.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളായ തിരുവനന്തപുരം,​ പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍,​ സുരേഷ് ഗോപി,​ കെ.പി ശശികല എന്നിവരാണ് പരിഗണനയിലുള്ളത്. ഇവരെ കൂടാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശബരിമല കര്‍മ്മസമിതിയുമായി ചേര്‍ന്ന് ആലോച്ച ശേഷമായിരിക്കും അന്തിമതിരുമാനം കൈക്കൊള്ളുക. ഇതോടൊപ്പം ബി.ഡി.ജെ.എസിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യവും ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം,​ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം ഫലം കണ്ടില്ലെന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനയും ഇന്നതെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനെതിരെ മുരളീധരപക്ഷത്തിന് വിമര്‍ശനം ഉന്നയിക്കാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ സമരത്തില്‍ മുരളീധര വിഭാഗം മുഖം തിരിച്ചത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും . ആദ്യം കോര്‍കമ്മിറ്റിയും പിന്നീട സംസ്ഥാന ഭാരവാഹികളുടേയും ലോക്സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടേയും യോഗങ്ങളാണ് ചേരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *