തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് രണ്ട് സീറ്റില്‍ ഉറപ്പായും വിജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബി.ജെ.പി രൂപം നല്‍കും. അഞ്ചുസീറ്റുണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെങ്കിലും രണ്ട് സീറ്രില്‍ എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് പാര്‍ട്ടി കൂടുതലും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതു കൂടാതെ മറ്ര് ചില സീറ്റുകളിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് രണ്ടാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട മണ്ഡലത്തിലും പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍.എസ്.എസിന്റെ പിന്തുണയും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ കേരളത്തില്‍ നിന്ന് സീറ്റുനേടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

യു,പി, ബിഹാര്‍, ഗുജറാത്ത് , മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി അറുപതോളം സീറ്രുകള്‍ നഷ്ടപ്പെടുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ . പശ്ചിമബംഗാള്‍, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു ഡസന്‍സീറ്റു മാത്രമാണ് അധികം കിട്ടുക. മറ്ര് സംസ്ഥാനങ്ങളില്‍ ഈ നഷ്ടം നികത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം . ഈ സമ്മര്‍ദ്ദമാണ് കേരള ഘടകം നേരിടുന്നത്. ഇതുകൊണ്ടാണ് രണ്ട് സീറ്രെങ്കിലും ജയിച്ചേ തീരൂ എന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ എത്തിച്ചിരിക്കുന്നത്.
ഇതോടൊപ്പം ആറ്രിങ്ങല്‍, മാവേലിക്കര, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലും കടുത്ത മത്സരമാവും കാഴ്ചവയ്ക്കുക. ബി.ജെ.പി പ്രമുഖ സ്ഥാനാര്‍ത്ഥികളെ തന്നെയാവും ഇത്തവണ പോരാട്ടത്തിനിറക്കുക. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല, മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി.രമേശ് , പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ , പട്ടിക ജാതി മോര്‍ച്ച പ്രസിഡന്റ് പി.സുധീര്‍ തുടങ്ങിയവരൊക്കെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച ഇന്ന് തൃശൂരില്‍ നടക്കുന്ന കോര്‍ കമ്മിറ്രിയില്‍ നടക്കും.












