മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചാണ് മോൻസണിനെതിരെ അന്വേഷണം നടത്തുന്നത്. തട്ടിപ്പ് കേസിന്റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസണുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

മോൻസൺ മാവുങ്കലിനെതിരെ പീഡന കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽവച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *