ടി-20 ലോകകപ്പിനു മുന്നോടിയായ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയ ന്യൂസീലൻഡിനെയുമാണ് കീഴടക്കിയത്.

ഇരു ടീമുകൾക്കും ലോകകപ്പിലെ ഫൈനൽ ഇലവൻ തീരുമാനിക്കാനുള്ള അവസാന അവസരമാവും ഇന്നത്തെ സന്നാഹമത്സരങ്ങൾ. ഇന്ത്യയെ സംബന്ധിച്ച് ഹർദ്ദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും രാഹുൽ ചഹാറുമാണ് തലവേദന. മൂവരും ഫോമിലല്ല. ഹർദ്ദിക് കഴിഞ്ഞ മത്സരത്തിൽ 12 റൺസെടുത്ത് പുറത്താവാതെ നിന്നെങ്കിലും ഒട്ടും പ്രതീക്ഷ നൽകുന്ന ഇന്നിംഗ്സ് ആയിരുന്നില്ല അത്. ഭുവി ആവട്ടെ, തീരെ താളം കണ്ടെത്താത്ത രീതിയിലാണ് പന്തെറിഞ്ഞത്. ലൈനും ലെംഗ്തും പിഴച്ച ഭുവിക്ക് യഥേഷ്ടം തല്ലുകിട്ടുകയും ചെയ്തു. രാഹുൽ ചഹാർ ഐപിഎലിലെ മങ്ങിയ പ്രകടനങ്ങൾ ഇന്ത്യൻ ജഴ്സിയിലും തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറിൽ 43 റൺസാണ് ചഹാർ വഴങ്ങിയത്. കോലിയുടെ മോശം ഫോം ആശങ്കയാണെങ്കിലും അത് അദ്ദേഹം മറികടക്കുമെന്ന് കരുതാം.

തകർപ്പൻ ഫിഫ്റ്റിയോടെ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര തുടക്കം നൽകിയ രാഹുലിന് ഇന്ന് വിശ്രമം അനുവദിച്ചേക്കും. പകരം രോഹിത് ശർമ്മ കളിക്കാനിടയുണ്ട്. ഷമിക്കോ ബുംറയ്ക്കോ വിശ്രമം അനുവദിച്ച് ശർദ്ദുൽ താക്കൂറിനും അവസരം നൽകും. രാഹുൽ ചഹാറിനു പകരം വരുൺ ചക്രവർത്തിക്കും ഇടം ലഭിക്കും. ജഡേജയും ഇന്ന് കളിച്ചേക്കും.

ഓസ്ട്രേലിയയെ സംബന്ധിച്ച് ഡേവിഡ് വാർണറുടെ ഫോമാണ് തലവേദന. ഐപിഎലിൽ നിരാശപ്പെടുത്തിയ വാർണർ ന്യൂസീലൻഡിനെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. മൂന്നാം നമ്പറിൽ മിച്ചൽ മാർഷ് എത്ര മാത്രം മികച്ച ചോയ്സ് ആണെന്നതും മാത്യു വെയ്ഡിൻ്റെ ബാറ്റിംഗ് പൊസിഷനുമൊക്കെയാണ് ഓസീസിൻ്റെ മറ്റ് പ്രശ്നങ്ങൾ. ഗ്ലെൻ മാക്സ്‌വൽ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവരൊക്കെ ഇന്ന് ഓസ്ട്രേലിയക്കായി കളിച്ചേക്കും. ഇന്നത്തെ മത്സരത്തിലെ വാർണറുടെ പ്രകടനം താരത്തിൻ്റെയും ഓസീസിൻ്റെയും ലോകകപ്പ് ഭാവിയിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *