മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി നീട്ടി; ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ഒക്ടോബർ ഏഴ് വരെ എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.

വിശദമായി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് മോൻസണെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

അതേസമയം മോൻസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് പൊലീസ് സംരക്ഷണം നൽകിയതെന്നായിരുന്നു കോടതി ചോദിച്ചത്. മോൻസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *