പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി ‘മാര്‍ബര്‍ഗ് വൈറസ്’

ജനീവ (സ്വിറ്റ്​സര്‍ലന്‍ഡ്​): പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട്​ ചെയ്​തു. ഗിനിയയിലാണ്​ മാര്‍ബര്‍ഗ്​ വൈറസ്​ കേസ്​ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പിടിക്കപ്പെടുന്നവരില്‍ 88 ശതമാനം പേര്‍ക്ക് വരെ മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാര്‍ബര്‍ഗ് എബോള ഉള്‍പ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും.

1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്.ഗ്വക്കെഡോയില്‍ ആഗസ്റ്റ്​ രണ്ടിന്​ മരിച്ച രോഗിയില്‍ നിന്ന്​ ശേഖരിച്ച സാംപിള്‍ പരിശോധനക്ക്​ വിധേയമാക്കിയതില്‍ നിന്നാണ്​ രോഗബാധ കണ്ടെത്തിയത്​. ഗിനിയയില്‍ എബോളയുടെ രണ്ടാം വരവിന്​ അന്ത്യമായെന്ന്​ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്‌​ രണ്ട്​ മാസംപിന്നിടുന്നതിന്​ മുമ്ബാണ്​ മാര്‍ബര്‍ഗ്​ വൈറസിന്‍റെ വരവ്​. കഴിഞ്ഞ വര്‍ഷം തു​ടങ്ങിയ എബോള ബാധയില്‍ 12 ജീവനുകളാണ്​ നഷ്​ടമായത്​. സിയറലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്താണ്​ മാര്‍ബര്‍ഗ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. പോസ്റ്റ്​മോര്‍ട്ടത്തിന്​ ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ്​ പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന്​ പേര്‍ നിരീക്ഷണത്തിലാണ്​.

ഗിനിയന്‍ സര്‍ക്കാറും മാര്‍ബര്‍ഗ്​ കേസ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ്​ മാര്‍ബര്‍ഗ്​ പടരാന്‍ സാധ്യത. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്ബര്‍ക്കത്തിലൂടെയോ ആണ്​ മാര്‍ബര്‍ഗ്​ പകരുന്നതെന്നാണ്​ ഡബ്ല്യു.എച്ച്‌​.ഒ പറയുന്നത്​. രോഗം പടരുന്നത്​ തടയാനായി രാജ്യത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്ബത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്ബനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്ബ്​ രോഗബാധയുണ്ടായ ഇടങ്ങളില്‍ 24 മുതല്‍ 88 ശതമാനം വരെയാണ്​ മരണനിരക്ക്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *