മാലെ: 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം കാണാതായ ദിവസം മാലെദ്വീപ് നിവാസികള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. മാലെദ്വീപിലെ വാര്‍ത്താ വെബ്‌സൈറ്റായ ഹവീരുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റപ്പെട്ട ദ്വീപായ കുഡാ ഹുവാദു നിവാസികള്‍ രാവിലെ 6.15 ന് വിമാനം കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുവന്ന വരകളുള്ള വെളുത്ത നിറമുള്ള വിമാനമാണ് കണ്ടത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അസാധാരണ ശബ്ദത്തോടെ വടക്കുനിന്ന് തെക്കുകിഴക്കന്‍ പ്രദേശത്തേക്കാണ് വിമാനം സഞ്ചരിച്ചതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വെബ് സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു.
മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യ എയര്‍ലൈന്‍സ് വിമാനം എം എച്ച് 370 കാണാതായത്. ക്വലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്നു വിമാനം. ഉപഗ്രഹങ്ങളുടെയും റഡാറുകളുടെയും സഹായത്തോടെ 26 രാജ്യങ്ങള്‍ ചേര്‍ന്നാണ് വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തുന്നത്.