മലബാറിലെ നായന്മാര്‍ക്കിനി സ്വന്തമായി നായര്‍ സമാജം

NSSകോഴിക്കോട്: എസ് എന്‍ ഡി പിക്ക് ബദലായി മലബാറില്‍ തിയ്യസമാജം രൂപീകരിക്കപ്പെട്ടതുപോലെ മലബാറിലെ നായന്മാര്‍ക്കായി നായര്‍ സമാജം അണിയറയില്‍ ഒരുങ്ങുന്നു. തെക്കന്‍ന്മാരുണ്ടാക്കി അവര്‍ തന്നെ കയ്യടക്കി വച്ചിരിക്കുന്ന സമുദായസംഘടനകളുടെ തലപ്പത്ത് മലബാറുകാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് മലബാറിലെ നായന്മാരും ഈഴവര്‍ അല്ലെങ്കില്‍ തിയ്യരും കാലാകാലങ്ങളായി പറഞ്ഞുവരുന്നുണ്ട്. എസ് എന്‍ ഡി പിയില്‍ ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ സമുദായവിപ്ലവം നടന്നെങ്കിലും അത് ഫലം കണ്ടില്ല. ഇതോടെയാണ് എറണാകുളത്തെ മുന്തിയ നായന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന എറണാകുളം കരയോഗത്തിന്റെ മോഡലില്‍ മലബാറിലും നായന്മാര്‍ക്ക് സ്വതന്ത്രമായി സംഘടിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായത്.
മലബാര്‍ നായര്‍ സമാജം എന്ന് പേരിട്ടിരിക്കുന്ന ഈ സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗം ഞായറാഴ്ച കോഴിക്കോട്ട് ചേര്‍ന്നു. മലബാറിനോടുള്ള എന്‍ എസ് എസ്സിന്റെ അവഗണനയും പുതിയ സംഘടന രൂപീകരിക്കാന്‍ കാരണമാണെന്ന് സംഘാടകര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പന്നിയങ്കരയില്‍ സംഘടനയുടെ ആദ്യ യൂണിറ്റ് രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. ഇനി പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ എല്ലാ ജില്ലകളിലേക്കും സംഘടനയെ വ്യാപിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. മലബാര്‍ നായര്‍ സമാജത്തിന്റെ ആലോചനാ യോഗം റിട്ട. ജില്ലാ ജഡ്ജ് എന്‍ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എം ശ്രീറാം അധ്യക്ഷത വഹിച്ചു. അഡ്വ പി ടി എസ് ഉണ്ണി സ്വാഗതവും നളിനിടീച്ചര്‍ നന്ദിയും പറഞ്ഞു.
നായര്‍ സമുദായം എന്നത് ഒരു സമുദായം മാത്രമല്ല. അത് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഗോത്രവിഭാഗമാണ്. എന്‍ എസ് എസ്സിന്റെ നിലപാടുകള്‍ വഴി അത് വെറുമൊരു സമുദായം മാത്രമായി ചുരുങ്ങുന്നു. സംവരണത്തിന് അര്‍ഹതയില്ലാത്ത നായന്മാര്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതിലൊന്നും ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ എന്‍ എസ് എസ്സിനു കഴിയുന്നില്ല. വാര്‍ത്തകളില്‍ ഇടം പിടക്കുന്ന വര്‍ത്തമാനങ്ങള്‍ പറയാനാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറയടക്കമുള്ളവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നും ഇവര്‍ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *