കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പത്തുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 2013 ഒക്‌ടോബര്‍ 27നായിരുന്നു സംഭവം. പൊലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കല്ലേറും അക്രമസംഭവങ്ങളും അരങ്ങേറിയത്. പൊലീസ് മൈതാനത്തേക്ക് കടന്നു വരുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറുണ്ടാകുകയും വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയലും നെഞ്ചിലും പരിക്കോല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നൂറോളം പേരെ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്‍, ധര്‍മടം എം എല്‍ എ കെ കെ നാരായണന്‍ എന്നിവരോട് മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് എം എല്‍ എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എം എല്‍ എമാര്‍ ഉള്‍പ്പടെ 114 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അന്യായമായ സംഘം ചേരല്‍ എന്ന വകുപ്പാണ് എം എല്‍ എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
FLASHNEWS