കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില;യുവാക്കള്‍ക്കു പ്രാതിനിധ്യമില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു

കൊല്ലം: കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ചു രൂപീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പു സമിതി നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് തല്‍സ്ഥാനം രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിലും തന്റെ നിയോജകമണ്ഡലമായ കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് നിയോജകണ്ഡലം തെരഞ്ഞെടുപ്പു സമിതിയില്‍ അംഗത്വം നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് മഹേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ഗ്രൂപ്പുണ്ട്. അത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ സ്ഥാനാര്‍ഥി നിര്‍ണയ സമിതി യുവാക്കളെ പാടേ അവഗണിച്ചത് അംഗീകരിക്കാനാകില്ല. യൂത്തുകോണ്‍ഗ്രസിനു അര്‍ഹമായ പ്രാതിനിധ്യം സംസ്ഥാനത്തൊരിടത്തും നല്‍കിയില്ല. കെ.എസ്.യു-യൂത്തുകോണ്‍ഗ്രസ് സംഘടനകള്‍ വഴി കോണ്‍ഗ്രസിലെത്തിയ നേതാക്കളാണ് ഇനി മറ്റാരും അതുവഴി വരരുതെന്നു ആഗ്രഹിക്കുന്നതെന്നും മഹേഷ് പറഞ്ഞു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, തര്‍ക്കമുള്ള വാര്‍ഡ് സ്ഥാനാര്‍ഥിനിര്‍ണ്ണയം എന്നിവ നടക്കുന്ന ജില്ലാ സമിതികളില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കിയിട്ടില്ല. ജനവിരുദ്ധരെന്നു പലതവണതെളിയിച്ചവരാണ് ജനപ്രതിനിധികളാകാനുള്ളവരെ തെരഞ്ഞെടുക്കുന്ന സമിതികളിലുള്ളത്. കെ.പി.സി.സി പ്രസിഡന്റു പറഞ്ഞ സംസ്ഥാന ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരുടെ അസിസ്റ്റന്റു മാനേജര്‍മാരാണ് ജില്ലാസമിതികളിലുള്ളത്. യൂത്തുകോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ട സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു നല്‍കുകയാണ്. പെട്ടിപിടിക്കുന്നവരുടെ കാലത്തിനുപകരം ഇപ്പോള്‍ നേതാക്കള്‍ക്കു പെട്ടികൊടുക്കുന്ന കാലമാണിപ്പോളെന്നു മഹേഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *