പയ്യോളി തുറശ്ശേരിക്കടവിലെ കാട്ടുകണ്ടി ഹംസയ്ക്കു വെറുതെയിരിക്കാന്‍ സമയമില്ല. വെളുപ്പിനു നാലു മണിക്ക് എഴുന്നേറ്റു പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞാല്‍ ഹംസയുടെ യാത്ര നേരെ പള്ളിയിലേക്കാണ്. ആ സമയത്ത് ഏകദേശം രണ്ടു കിലോമീറ്റര്‍ ഓടും. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെടുത്ത ഹംസയ്ക്ക് അതൊരു പ്രയാസമല്ല. നമസ്‌കാരം കഴിഞ്ഞു തിരിച്ചെത്തിയാല്‍ സ്വന്തം പേരിലുള്ള രണ്ടേക്കറിലും പാട്ടത്തിനെടുത്ത രണ്ടേക്കറിലും ചേര്‍ത്തു വിവിധ തരം കൃഷികള്‍. തെങ്ങിന്‍തോട്ടത്തിന് ഇടവിളയായി ചേന, ഇഞ്ചി, മഞ്ഞള്‍, വാഴ തുടങ്ങി സിയോത്രി പുല്ല് വരെ കൃഷി ചെയ്യുന്ന യഥാര്‍ഥ ജൈവകര്‍ഷകനാണു ഹംസ. പറമ്പിലൂടെ മേയാന്‍ അഴിച്ചു വിട്ടു വളര്‍ത്തുന്ന മലബാരി, ഉത്തര്‍പ്രദേശില്‍ കണ്ടുവരുന്ന ജമുന്നപാരി ആടുകള്‍. പുല്ലിനു പുറമെ ഹംസയുടെ സ്വന്തം കൂട്ടില്‍ ഒരുതരം കഞ്ഞിയും ഇവയ്ക്കു നല്‍കും. കഞ്ഞിയുടെ സമയമായാല്‍ ഹംസ ബെല്ലടിക്കും. അതു കേട്ടാല്‍ ആടുകള്‍ ഓടിയെത്തും; വീടിനു പിന്നില്‍ തെങ്ങിന്‍തടങ്ങളില്‍ വച്ച കഞ്ഞിപ്പാത്രങ്ങള്‍ തേടി.
മലബാരി ആടിനെ അപേക്ഷിച്ചു കുറച്ചു കൂടി തൂക്കം വരുന്നവയാണു ജമുനാപാരി ആടുകള്‍. രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു പ്രാവശ്യം പ്രസവിക്കാന്‍ കഴിവുള്ള ജമുനാപാരിക്ക് ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാവൂ. ഇറച്ചിക്കുത്തമം മലബാരിയാണെങ്കിലും തൂക്കത്തില്‍ കേമന്‍ ജമുനാപാരിയാണ്. ഒരു മലബാരി 50 കിലോയില്‍ നില്‍ക്കുമ്പോള്‍ ജമുനാപാരി 70 കിലോ കാണുമെന്നു ഹംസ പറയുന്നു. നാല്‍പ്പതോളം ആടുകളുള്ള ഹംസയ്ക്ക് എല്ലാം ഒരു നേരമ്പോക്ക്. തണുപ്പു കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന പേര്‍ഷ്യന്‍ പൂച്ചകളെ നമ്മുടെ കാലാവസ്ഥയോടും ഭക്ഷണരീതിയോടും ഇണക്കിയ ഹംസയ്ക്കു പൂച്ച വളര്‍ത്തലും ഒരു കൃഷിയാണ്. മാര്‍ക്കറ്റില്‍ 20,000 രൂപ വരെ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചകളെ വളര്‍ത്തുന്നതു ഹോബിക്കല്ല; വില്‍പ്പനയ്ക്കാണ്. നിറയെ രോമവും നീണ്ട വാലുമുള്ള പേര്‍ഷ്യന്‍ പൂച്ചയ്ക്കു പുലിയോടു സാമ്യമുണ്ട്. കിടത്തം, ഓട്ടം, നടത്തം എന്നിവയെല്ലാം പുലി സ്‌റ്റൈലില്‍. വിവിധയിനം പ്രാവുകളും ഹംസയുടെ ഫാമിലുണ്ട്. 500 രൂപ മുതല്‍ 20,000 രൂപ വരെ വിലയുള്ള കിംഗ്, പൗള്‍ട്രര്‍ തുടങ്ങിയ വില കൂടിയ പ്രാവുകളും ഹംസയുടെ ഫാമില്‍ വളരുന്നുണ്ട്. മുയല്‍ വളര്‍ത്തുകാരെ ഞെട്ടിപ്പിക്കുന്ന ഒരു വിദ്യ കൂടി ഹംസയുടെ കൈവശമുണ്ട്. ആറു മാസത്തിലൊരിക്കല്‍ മാത്രം മുയലിന്റെ കാഷ്ടം നീക്കം ചെയ്താല്‍ മതിയെന്നു ഹംസ പറയുന്നു. ആവശ്യക്കാര്‍ക്ക് അതിന്റെ ടെക്‌നിക് ഹംസ നല്‍കും. സാധാരണ മുയല്‍ കര്‍ഷകര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കാഷ്ടം നീക്കം ചെയ്യുകയാണു പതിവ്. അവര്‍ക്കു നല്ലൊരു ആശ്വാസമാകും ഹംസയുടെ ഈ കണ്ടുപിടിത്തം. ഒമ്പതു വര്‍ഷക്കാലമായി ജൈവകര്‍ഷകനായ ഹംസയ്ക്കു റെഡിമെയ്ഡ് മണ്ണിര കമ്പോസ്റ്റ് ടാങ്കും ഉണ്ട്. വെയ്‌സ്റ്റ് കൊണ്ടു ബുദ്ധിമുട്ടുന്നവരും നല്ല വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും ഹംസയെ സമീപിച്ചാല്‍ ജീവിതത്തിന് ആശ്വാസമേകുന്ന എന്തെങ്കിലും നിര്‍ദേശം നല്‍കാന്‍ അദ്ദേഹത്തിനു കഴിയും.
കൃഷിക്കിടയിലും സന്നദ്ധസംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഹംസ സമയം കണ്ടെത്തുന്നു. തുറശ്ശേരിക്കടവ് മുസ്‌ലിം കള്‍ച്ചറല്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പയ്യോളി ഐ.എം.ബി ഫ്രീ ക്ലിനിക്ക് ജനറല്‍ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ ഈ 49കാരന്‍ വഹിക്കുന്നു. തുറശ്ശേരിക്കടവില്‍ നൂറോളം മരങ്ങള്‍ വച്ചുപിടിപ്പിച്ച ഹംസ നാട്ടുകാര്‍ക്കെല്ലാം ഒരു കൈത്താങ്ങാണ്. നാട്ടില്‍ ഭീഷണിയുയര്‍ത്തിയ ആറു കടന്നല്‍ കൂടുകള്‍ നിഷ്പ്രയാസം കത്തിച്ചു ഹംസ പ്രദേശത്തുകാര്‍ക്കും തെങ്ങുകയറ്റക്കാര്‍ക്കും ആശ്വാസമേകിയിട്ടുണ്ട്. തെങ്ങിന്‍ മുകളിലെ കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ പ്രത്യേകം പരിശീലനം നേടിയിരിക്കണം. ഇദ്ദേഹത്തിന്റെ പ്രവൃത്തി കാണുമ്പോള്‍ ഇതെല്ലം മാജിക്കാണോ എന്നു നമുക്കു സംശയമുയരും. യഥാര്‍ഥ മാജിക് പ്രകടനവും ഇദ്ദേഹത്തിനു നന്നായി വഴങ്ങും. മാജിക്കിലെ സ്‌പെഷ്യല്‍ ഇനമായ വാഴക്കുന്നം നമ്പൂതിരിയുടെ ചെപ്പും പന്തും ഹംസ അനായാസം അവതരിപ്പിക്കും. മാജിക് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അംഗമായ ഹംസ ബഹറിന്‍, കുവൈത്ത്, ഖത്തര്‍, ദുബൈ എന്നീ രാജ്യങ്ങളില്‍ വ്യത്യസ്ത മാജിക്കുകള്‍ അവതരിപ്പിച്ചു പ്രവാസികളായ കാണികളുടെ മനം കവര്‍ന്നതാണ്. പയ്യോളി ശാന്തി ക്ലിനിക്കിന്റെ ധനശേഖരണാര്‍ഥമായിരുന്നു ഈ പരിപാടികള്‍.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഇദ്ദേഹം എന്നും തയാറാണ്. പയ്യോളി ഗ്രാമ പഞ്ചായത്ത് 10, 11 വാര്‍ഡുകളിലെ നിര്‍ധനര്‍ക്കു സൗജന്യമായി തന്റെ ആടുകളെ നല്‍കാന്‍ ഒരുങ്ങുകയാണ് ഹംസ. ഇതിനുള്ള അപേക്ഷാ ഫോമുകള്‍ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാവുമെന്നു ഹംസ പറഞ്ഞു. ഹംസയുടെ മേല്‍പ്രവൃത്തികള്‍ പരിഗണിച്ചു പയ്യോളി പഞ്ചായത്തിന്റെ ഫാം സ്‌കൂള്‍ നടത്തിപ്പു ചുമതല നല്‍കുകയുണ്ടായി. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്കാവശ്യമായ ക്ലാസ്സുകള്‍ വിദഗ്ധര്‍ ഹംസയുടെ ഫാമിലെത്തി നല്‍കും. ഇത്രയേറെ ദയാശീലനും പ്രയത്‌നശാലിയുമായ കര്‍ഷകനെത്തേടി സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകന്നുള്ള അവാര്‍ഡുമെത്തി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു സംസ്ഥാന അവാര്‍ഡ്. കൂടാതെ മഹാത്മാ ദേശസേവാ ട്രസ്റ്റ്, പയ്യോളി കൃഷി ഭവന്‍, ഫാര്‍മേഴ്‌സ് ക്ലബ്, സുദര്‍ശനം എന്നിവയും ഹംസയെ ആദരിക്കുകയുണ്ടായി. ഹംസയ്ക്കു കൂട്ടായി മകന്‍ മുഹസിനും മകള്‍ ഷാനിബയുമുണ്ട്. 2001ല്‍ മുഹനിന്‍ പയ്യോളി മുതല്‍ വടകര വരെ കണ്ണു കെട്ടി ബൈക്കോടിച്ചു വിസ്മയം സൃഷ്ടിച്ചു. 2006ല്‍ മകള്‍ ഷാനിബ തന്റെ ഒമ്പതാം വയസ്സില്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്നു ജലശയനം നടത്തി കഴിവു തെളിയിച്ചു. 2011ലും ഷാനിബ അരങ്ങു തകര്‍ത്തു. അന്ന് ഓര്‍മശക്തിയിലൂടെ വിസ്മയം തീര്‍ത്തായിരുന്നു പ്രകടനം. ഇങ്ങനെ വ്യത്യസ്ത പ്രകടനങ്ങള്‍ കാഴ്ചവച്ച് ജീവിതം മറ്റുള്ളവര്‍ക്കു മാതൃകയാക്കുകയാണു ഹംസയും കുടുംബവും.