കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം അര്‍ജന്‍റീന താരം ലയണല്‍ മെസിക്ക്.മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. ഇത് എട്ടാം തവണയാണ് ലോക താരത്തിനുള്ള ഫിഫ പുരസ്കാരം മെസി നേടുന്നത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം.
ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം സിറ്റി ക്ലബ്ബിന്റെ പരിശീലകൻ പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രെബിള്‍ കിരീടനേട്ടത്തിലെത്തിച്ചതാണ് ഗ്വാര്‍ഡിയോളയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം. ഇത് നാലാം തവണയാണ് വീഗ്‌മാൻ ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്.