2024 ഓടെ ബി.ജെ.പിയെ വേരോടെ പിഴുതെറിയണമെന്ന് ലാലു പ്രസാദ് യാദവ്

2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാർ സന്ദർശനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ലാലു, എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. പാറ്റ്‌നയില്‍ ആ.ര്‍ജെ.ഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ബി.ജെ.പിക്ക് മുന്നില്‍ തല കുനിച്ചിരുന്നെങ്കില്‍ ഇത്രയും കാലം എനിക്ക് ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഞാൻ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടു പോയി, അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ബിഹാറിൽ മഹാഗത്ബന്ധൻ സർക്കാർ രൂപീകരിക്കപ്പെട്ടു. ബി.ജെ.പി തന്റെ ഏറ്റവും വലിയ ശത്രുവാണെന്നും അവര്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഞാന്‍ എന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു. പല പാര്‍ട്ടികളും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്തു. പക്ഷേ ഞാന്‍ അവരെ കുമ്പിടുകയോ ഒരിക്കലും വണങ്ങുകയോ ചെയ്യില്ല” എന്നും ലാലു കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ജാഗ്രത പാലിക്കണം, 2024ല്‍ ബി.ജെ.പിയെ വേരോടെ പിഴുതെറിയണം. ഡല്‍ഹിയില്‍ പോയി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉടൻ സന്ദര്‍ശിക്കുമെന്നും ആ.ര്‍ജെ.ഡി മേധാവി അറിയിച്ചു. ബി.ജെ.പിയുടെ മനസ്സില്‍ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകും. രാഷ്ട്രീയ ലാഭം നേടുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ”കിഷൻഗഞ്ച്, അരാരിയ, പൂർണിയ തുടങ്ങിയ പ്രദേശങ്ങളിൽ അമിത് ഷാ നടത്തിയ സന്ദർശനത്തിന് പിന്നിലെ ഉദ്ദേശ്യം നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരുടെ മനസില്‍ കാര്യമായ എന്തോ പദ്ധതിയുണ്ട്. അവർ ആസൂത്രണം ചെയ്യുന്ന തന്ത്രത്തെക്കുറിച്ച് നാമെല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. നിതീഷ് ജിയും ജാഗ്രത പുലർത്തുന്നു, അദ്ദേഹം തേജസ്വിക്കൊപ്പം എല്ലാം നിരീക്ഷിക്കുന്നു” ലാലു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *