ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തരൂരിനെ മാറ്റാന്‍ തീരുമാനം

പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റാന്‍ തീരുമാനം. ചെയര്‍മാന്‍ സ്ഥാനം തുടര്‍ന്ന് നല്‍കാനാവില്ലെന്ന് കേന്ദ്രം കോണ്‍ഗ്രസിനെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചത്.

ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് പകരം രാസവള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലാണ് ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതുവരെ നടത്തിവന്നത്. ഇതിന് തടയിട്ട് സമൂഹ മാധ്യമങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കുകയെന്നതാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളെ ഈയിടെ സമിതി വിളിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ട്വിറ്റര്‍ പ്രതിനിധിയെ വിളിച്ച് വരുത്തുകയും ചോദ്യംചെയ്യുകയും ചെയ്തത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ഇടപെടാന്‍ ആക്‌സസ് ലഭിച്ച സര്‍ക്കാര്‍ ഏജന്റുമാരായ വ്യക്തികളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന്റെ മുതിര്‍ന്ന സീനിയര്‍ എക്‌സിക്യൂട്ടീവിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

ഇതിന് പുറമെ ബി.ജെ.പി അംഗങ്ങളും ശശി തരൂരും തമ്മിലുള്ള വാഗ്വാദത്തിനും പലതവണ സമിതി യോഗം സാക്ഷ്യം വഹിച്ചിരുന്നു. തുടര്‍ന്ന് ശശി തരൂരിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നിരവധി തവണ ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *