ഗവര്‍ണറുടെ മാധ്യമവിലക്കിനെതിരെ നാളെ കെയുഡബ്ല്യുജെയുടെ രാജ്ഭവന്‍ മാര്‍ച്ച്

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളിയേയും മീഡിയവണ്ണിനെയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നരക്കാണ് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയ്ക്ക് എടുക്കാന്‍ പാടില്ലാത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് കെയുഡബ്ല്യൂജെ പ്രസിഡന്റ് എം വി വിനീത പറഞ്ഞു.

മാധ്യമങ്ങളോടുള്ള ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച്. കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലുമുള്ള പ്രതിനിധികളോട് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും. വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുക എന്നത് പ്രയോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എം വി വിനീത പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *