ഹൈന്ദവസംഘടനകളുടെ പ്രക്ഷോഭനായകനുംജനകീയനേതാവും ആദര്‍ശത്തിന്റെ ആള്‍രൂപവുമായ കുമ്മനം രാജശേഖരന്‍ ബിജെപിയുടെ അമരത്തേക്ക്

kummanam-rajettanതിരുവനന്തപുരം: വിമാനത്താവളം തിങ്ങിനിറഞ്ഞ് ജനങ്ങള്‍. വഴിഞ്ഞൊഴുന്ന ആവേശം. അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്നത് ഒരേഒരു ശബ്ദം. രാജേട്ടന്‍ കീ ജയ്. ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് പറന്നെത്തിയ കുമ്മനം രാജശേഖരന്‍ എന്ന രാജേട്ടന്‍ ഒരു ഞൊടിയിടയില്‍ അവരില്‍ അലിഞ്ഞു. അവരിലൊരാളായി.കുമ്മനത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഇന്നലെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ നിയമസഭാ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി കണ്‍വീനറായും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന കോര്‍ കമ്മറ്റി യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ദേശീയ അധ്യക്ഷന്‍ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്.ആറന്മുള വിമാനത്താവള വിരുദ്ധ പ്രക്ഷോഭവും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വവുമെല്ലാം കുമ്മനത്തിന്റെ പൊജുജന സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലും മാറാട് ഉള്‍പ്പെടെയുള്ള സമുദായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും കുമ്മനം വലിയ പങ്കാണ് വഹിച്ചിരുന്നത്.1952 ഡിസംബര്‍ 23ന് കോട്ടയം ജില്ലയില്‍ അയ്മനം പഞ്ചായത്തിലെ കുമ്മനത്ത് ജനിച്ച അദ്ദേഹം കോട്ടയം എന്‍എസ്എസ് ഹൈസ്‌കൂളിലും സിഎംഎസ് കോളേജിലുമായി വിദ്യാഭ്യാസം നിര്‍വഹിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ജേര്‍ണലിസം ആന്റ് പബ്ലിക് റിലേഷന്‍സില്‍ പിജി ഡിപ്‌ളോമ നേടി.

അച്ഛന്‍ അഡ്വ. വി. കെ. രാമകൃഷ്ണപിള്ള കോട്ടയം ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അമ്മ പി. പാറുക്കുട്ടിയമ്മ. സഹോദരങ്ങള്‍ ആറുപേര്‍. 1974-ല്‍ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടി. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പൊതു പ്രവര്‍ത്തനത്തിനായി 13 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലി ഉപേക്ഷിച്ചു.

1982-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1979-ല്‍ ജില്ലാ സെക്രട്ടറി. 81-ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി. 1985-ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറി. 1992-ല്‍ ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനറായി. 1996-ല്‍ വിഎച്ച്പി സംഘടനാ സെക്രട്ടറി. 2009-ല്‍ അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി. 2012-ല്‍ ആറന്മുള പൈതൃക സംരക്ഷണ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി.1974-ല്‍ ദീപികയില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തന മേഖലയില്‍ തുടക്കം. രാഷ്ട്ര വാര്‍ത്ത, കേരളദേശം, കേരള ഭൂഷണം, കേരളധ്വനി എന്നീ പത്രങ്ങൡ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1989ല്‍ ജന്മഭൂമിയില്‍ എഡിറ്ററായി.

2007മുതല്‍ മാനേജിങ് എഡിറ്ററുടെ ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി. 2011 മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

1982ലെ നിലയ്ക്കല്‍ പ്രക്ഷോഭത്തോടെ ഹൈന്ദവ നേതൃസ്ഥാനത്തേക്കെത്തി. ക്ഷേത്ര വിമോചന സമരം, മംഗളാ ദേവി-അഗസ്ത്യാര്‍കൂടം മോചന രഥയാത്ര, എകാത്മ രഥയാത്ര തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ നായകത്വം വഹിച്ചു. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം സമാധാനത്തിലെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചു.

1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നു മത്സരിച്ച് നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ആറന്മുള പൈതൃക-പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തിനു നേതൃസ്ഥാനത്തു നിന്ന കുമ്മനം വമ്പിച്ച ബഹുജന പിന്തുണ നേടി. ഇന്ന് രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *