എനര്‍ജി ഡ്രിങ്കുകളെ ഓടിക്കാന്‍ ഒരു സ്പൂണ്‍ പഞ്ചസാര

എനര്‍ജി ഡ്രിങ്ക് നിറച്ച കുപ്പിയിലാണ് കായികതാരങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്. വ്യായാമം ചെയ്തു തളര്‍ന്നുവരുമ്പോള്‍ ആശ്വാസമേകുന്ന എനര്‍ജി ഡ്രിങ്കുകള്‍ ഇനി മറന്നേക്കാനാണ് യൂറോപ്പിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഒരു സ്പൂണ്‍ പഞ്ചസാരയുണ്ടെങ്കില്‍ മറ്റൊരു ഡ്രിങ്കിന്റെയും ആവശ്യമില്ലെന്നാണ് ബാത്ത് യൂണി വേഴ്‌സിറ്റിയിലെ ശാസ്ത്രസംഘത്തിന്റെ കണ്ടെത്തല്‍. വ്യായാമം ചെയ്ത് തളര്‍ന്നവര്‍ക്ക് വളരെ ഫലപ്രദമായ ഡ്രിങ്കാണ് പഞ്ചസാര ലായനിയെന്ന് ഇവര്‍ പറയുന്നു. വ്യായാമം ആരംഭിക്കും മുന്‍പ് ഒരു വാട്ടര്‍ബോട്ടിലില്‍ ഒരു സ്പൂണ്‍ പഞ്ചസാര കലക്കി വച്ച് ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വ്യായാമം ചെയ്യുമ്പോള്‍ കരളിലെ ഗ്ലൂക്കോജന്‍ അളവ് താഴുന്നതാണ് ക്ഷീണം തോന്നാന്‍ കാരണമാകുന്നത്.

വ്യത്യസ്ത തരം എനര്‍ജി ഡ്രിങ്കുകളിലെ വ്യത്യസ്ത അളവിലുളള കാര്‍ബോഹൈഡ്രേറ്റ് എങ്ങനെ കരളിലെ ഗ്ലൂക്കോജന്റെ അളവ് കുറയുന്നതിനെ തടയുമെന്നു നിരീക്ഷിച്ചാണ് പുതിയ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഇതിനായി ഒരു ദീര്‍ഘദൂര സൈക്കിള്‍ ഓട്ടക്കാരനെ ശാസ്ത്രസംഘം നിരീക്ഷിച്ചു. ഇയാള്‍ക്ക് കുടിക്കാനായി വെവ്വേറെ സമയങ്ങളില്‍ ഗ്ലൂക്കോസിന്റെയും സുക്രോസിന്റെയും രൂപത്തിലുളള കാര്‍ബോഹൈഡ്രേറ്റ് മിശ്രിതം നല്‍കി. സുക്രോസും ഗ്ലൂക്കോസും കാര്‍ബോഹൈഡ്രേറ്റിന്റെ വലിയൊരു കലവറയാണ്.

നിത്യോപയോഗ സാധനമായ പഞ്ചസാരയില്‍ കൂടിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഗ്ലൂക്കോസ് മാത്രമാണ് എനര്‍ജി ഡ്രിങ്കായി ഉപയോഗിക്കുന്നതെന്നാണ് പലരുടെയും വിചാരം. ഗ്ലൂക്കോസ് അടങ്ങിയ ലായനികള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അന്നനാളത്തിന് ദോഷം ചെയ്യുമെന്നു ശാസ്ത്രം സംഘം മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസരങ്ങളില്‍ വെറും പഞ്ചസാര ലായനി കുടിക്കുന്നത് ഗുണം ചെയ്യുമെന്നും വ്യായാമവേളയില്‍ ക്ഷീണം തോന്നാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ശാസ്ത്രസംഘം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *