മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവർഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തിൽ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു.

‘മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും സമ്മേളനവും.

സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലുംനിന്ന് രക്ഷനേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറിൽ ധാക്കയിൽ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവർഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തിൽ ആ സംഘടന പിന്നീട് ഉയർത്തി. ബംഗാളിൽ സായുധരായ മുസ്ലിം യുവാക്കൾ അക്രമസമരത്തിന് ഇറങ്ങിയപ്പോൾ 1946ൽ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്രാവർദി അക്രമം അമർച്ച ചെയ്യാൻ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെകൂടി ഫലമായി ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതിൽ പച്ചയായി വർഗീയത വിളമ്പുകയും ചെയ്തത്. മതനിരപേക്ഷത നിലനിർത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളകളിലേക്ക് വീഴാത്തത്, കോടിയേരി പറഞ്ഞു.

വഖഫ് ബോർഡിന്റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്ലിംലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കൾ മാറിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *