കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു.

കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു. നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്രം.
വ്യവസ്ഥകളോടെ ആണ് നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകുക. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കണം എന്നാണ് വ്യവസ്ഥ. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സംസ്ഥാനങ്ങൾ ഒരു സമിതിയെ നിയോഗിക്കണം. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ നോൺകോർ മേഖലയിൽ നടത്താം. പരിസ്ഥിതി മേഖലയുടെ പൊതു മേൽനോട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടർന്നും നിർവഹിക്കും.

കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജനവാസമേഖലയെ പരിസ്ഥിതി ദുർബല മേഖലയുടെ പരിതിയിൽ നിന്ന് ഒഴിവാക്കും. പരിസ്ഥിതി ദുർബലമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 നാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്നത്.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. എന്നാൽ എന്ത് ഇളവാണെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *