രണ്ട് ജീവൻ രക്ഷിച്ച് മന്ത്രി ശൈലജയുടെ ഇടപെടൽ; വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ

അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്നിരുന്നവരെ സ്വന്തം വാഹനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. പാറോട്ടുകോണം സ്വദേശി ജിനു റോയി (29), പാണന്‍വിള സ്വദേശിനി വിദ്യ (27), വിദ്യയുടെ അച്ഛന്‍ വിജയന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. യാത്രക്കിടയില്‍ പരുത്തിപ്പാറയില്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നതും രണ്ടുപേര്‍ റോഡില്‍ വീണു കിടക്കുന്നതും കണ്ടു. ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. വാഹനമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ വേദനയോടെ പറഞ്ഞു. തുടര്‍ന്ന് മന്ത്രിയും ഗണ്‍മാനും പിഎയും വാഹനത്തില്‍ നിന്നും ഇറങ്ങുകയും മന്ത്രിയുടെ വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. അബോധാവസ്ഥയിലായിരുന്ന ജിനു റോയിയെ പുറകുസീറ്റില്‍ കിടത്തിയും വിദ്യയേയും മറ്റുള്ളവരേയും ആ വാഹനത്തില്‍ കയറ്റിയും മെഡിക്കല്‍ കോളേജിലേക്കയച്ചു. ഉടന്‍ തന്നെ മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ അപകട വിവരം അറിയിച്ചു. പിന്നീട് അതുവഴി വന്ന പോലീസ് വാഹനത്തിലാണ് മന്ത്രി വീട്ടിലേക്ക് പോയത്. തന്റെ കല്യാണം വിളിക്കാനായി പാറോട്ടുകോണത്തു നിന്നും പേരൂര്‍ക്കടയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജിനു റോയ്. മുട്ടട പള്ളിയില്‍ നിന്നും പാണന്‍വിളയിലേക്ക് പോകുകയായിരുന്നു വിദ്യയും അച്ഛന്‍ വിജയനും. വിജയനാണ് ആക്ടീവ ഓടിച്ചിരുന്നത്. പരുത്തിപ്പാറയില്‍ വച്ച് ഇവരുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ജിനു റോയിക്കും വിദ്യയ്ക്കും സാരമായി പരിക്ക് പറ്റിയിരുന്നു. ആളുകള്‍ ഓടിക്കൂടുകയും പല പല സ്വകാര്യ വാഹനങ്ങള്‍ക്ക് കൈകാണിക്കുകയും ചെയ്തു. പക്ഷെ ആരും നിര്‍ത്തിയില്ല. അങ്ങനെ ആംബുലന്‍സിനായി വിളിച്ചു കൊണ്ടിരുന്നപ്പോഴാണ് മന്ത്രി ആ വഴി വന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *