ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും സീറ്റുകള്‍ക്കും വേണ്ടി ആന്ധ്രയെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഞ്ചിച്ചുവെന്ന ആരോപണത്തോടെയാണു കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യമന്ത്രിയെന്ന നിലയിലുള്ള അവസാന വാത്താസമ്മേളനം തുടങ്ങിയത്. ആന്ധ്രാ വിഭജനം തടയാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെക്കുകയാണെന്നും അറിയിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കിരണ്‍കുമാര്‍ റെഡ്ഡി വ്യക്തമായ മറുപടി പക്ഷെ നല്‍കിയില്ല. എംഎല്‍എമാരുമായും എംപിമാരുമായും കെ എസ് റാവു അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണു കിരണ്‍കുമാര്‍ റെഡ്ഡി രാജി പ്രഖ്യാപിച്ചത്.