കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ചുവന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റില്‍ നിന്ന് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

ഭക്ഷ്യസുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടറിയിക്കാനാണ് നിര്‍ദ്ദേശം. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങളും കോടതി പരിഗണിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായത്.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ്മരിച്ചത്. 16 വയസായിരുന്നു. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. മൂന്ന് പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജരും, മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. മാനേജിങ് പാര്‍ട്ണറായ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍ മേക്കറായ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഉടമ ദുബായിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *