ആഗോള മാധ്യമസൂചികയില്‍ വീണ്ടും താഴേക്ക് കൂപ്പുകുത്തി ഇന്ത്യ

ആഗോള മാധ്യമസൂചികയില്‍ വീണ്ടും താഴേക്ക് കൂപ്പുകുത്തി ഇന്ത്യ. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 150-ാം സ്ഥാനത്തേക്കാണ് ഇന്ത്യ താഴ്ന്നിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ഓരോ രാജ്യങ്ങളിലെയും ചുറ്റുപാടുകളെയും വിലയിരുത്തി തയ്യാറാക്കുന്ന പട്ടികയില്‍ കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 8 പോയിന്റാണ്് ഇത്തവണ ഇന്ത്യയ്ക്ക് താഴ്ന്നിരിക്കുന്നത്. വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയാന്‍ ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും പരിഗണിച്ചാണ് റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് മാധ്യമ സ്വതന്ത്ര്യസൂചിക തയ്യാറാക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.

ഇന്ത്യയെ കൂടാതെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍ (157), ബംഗ്ലാദേശ്(162), ശ്രീലങ്ക(146), മ്യാന്‍മര്‍(176) എന്നിവയുടെ സ്ഥാനവും കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് താഴ്ന്നിട്ടുണ്ട്. 30 പോയിന്റുകള്‍ നേട്ടത്തോടെ വന്‍ കുതിപ്പാണ് നേപ്പാളിന് ഉണ്ടായത്. സൂചികയില്‍ 76-ാം സ്ഥാനത്താണ് നേപ്പാള്‍. നേരത്തെ 106ല്‍ ആയിരുന്നു.

നോര്‍വെയാണ് സൂചികയില്‍ ഒന്നാമത്. ഡെന്‍മാര്‍ക്, സ്വീഡന്‍, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തൊട്ടു പിന്നാലെ രണ്ടു മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. 155ല്‍ റഷ്യയും 175ല്‍ ചൈനയുമുണ്ട്. നോര്‍ത്ത് കൊറിയയാണ് ഏറ്റവും അവസാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *