കരിപ്പൂരിൽ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട

കരിപ്പൂരിൽ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി വില വരുന്ന രണ്ടേ മുക്കാൽ കിലോ സ്വർണ മിശ്രിതം പൊലീസ് പിടികൂടി. ബഹ്റിനിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സിൽ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വർണം പിടികൂടിയത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം, പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളിലൊളിപ്പിച്ച് അരയില്‍ കെട്ടിവെച്ച രൂപത്തിലും,
കൂടാതെ മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വര്‍ണ്ണം 3 ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് വിദക്തമായി ഒളിപ്പിച്ച രൂപത്തിലുമാണ് അബ്ദുസലാം സ്വര്‍ണ്ണം കടത്തിന്‍ ശ്രമിച്ചത്.

774 ഗ്രാം ശരീരത്തിനകത്തും 2018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായെങ്കിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. അബ്ദുസലാമിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റൈനില്‍ വെച്ച് കള്ളകടത്ത് മാഫിയ നല്‍കിയ നിര്‍ദേശം.
അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചെങ്കിലും സിറോ പോയിന്‍റില്‍ വെച്ച് പോലീസ് കാര്‍ തടഞ്ഞു അബ്ദു സലാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമില്ലെന്ന നിലപാടില്‍ അബ്ദുസലാം ഉറച്ചു നിന്നു.

എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ എടുത്തതില്‍ പിന്നെ അബ്ദു സലാമിന് പൊലീസിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴീഞ്ഞില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് പിടികൂടിയ 30 കേസുകളില്‍ നിന്നായി 14 കോടി രൂപ വില വരുന്ന 28 കിലോ സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *