കനയ്യ കുമാർ പാർട്ടി വിട്ട സംഭവം; സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് ചർച്ച ചെയ്യും

കനയ്യ കുമാർ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ ഇന്ന് നടക്കും. വിഷയം കഴിഞ്ഞ ദിവസം യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ റിപ്പോർട്ട് ചെയ്തിരുന്നു.

കനയ്യ പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായം കേരളത്തിൽ നിന്നുൾപ്പെടെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ കനയ്യയോട് നേതൃത്വം മൃദുസമീപനം സ്വീകരിച്ചെന്ന് മറു വിഭാഗത്തിന് വിമർശനമുണ്ട്.

സംസ്ഥാന വിഷയങ്ങളിൽ ദേശീയനേതാക്കൾ അഭിപ്രായം പറയുമ്പോൾ, സംസ്ഥാന നേതൃത്വവുമായി ആശയ വിനിമയം നടത്തണമെന്ന കീഴ്‌വഴക്കത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് കേരള നേതാക്കൾ വ്യക്തമാക്കും.

അടുത്ത വർഷം വിജയവാഡയിൽ നിശ്ചയിച്ച ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്, ഒക്ടോബർ രണ്ടാം വാരം ചേരാൻ ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനിച്ചു. ജനുവരി മുതൽ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങൾ ആരംഭിക്കും. ഒക്ടോബർ ആദ്യം സംസ്ഥാന സമ്മേളനം ചേരും. മൂന്ന് ദിവസത്തേക്കാണ് സിപിഐ ദേശീയ കൗൺസിൽ യോഗം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *