മഴയില്‍ കുതിര്‍ന്ന് വടക്കൻ ജില്ലകള്‍; കാസർകോട് ഉരുള്‍പൊട്ടല്‍

കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ഹൈവേയ്ക്ക് സമീപമുള്ള വനത്തിലാണ് നേരിയ ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറുകയായിരുന്നു.

കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറി.

കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി. കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 2, 3, 4, 5, 6 തിയ്യതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.

തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ഘട്ടത്തിൽ ബന്ധുവീടുകളിലേക്കോ മറ്റു ഉയർന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാൻ തയാറാകണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവരും നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണം.

ആവശ്യമുള്ളവരെ മാറ്റി താമസിപ്പിക്കാൻ ജില്ലാഭരണകൂടവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *