ഹിസ്ബുള്ള കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ലിറ്റാനി മേഖലയിലെ പീരങ്കി കമാന്‍ഡര്‍ യാസ്സിന്‍ അബ്ദെല്‍ മൊനെയ്ം എസ്സെഡിനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിന്റെ സൈനിക വക്താവ് അവിചായച് അഡാറീയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.എസ്സെഡിന്‍ ഇസ്രയേലിന് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹിസ്ബുള്ളയുടെ പീരങ്കി സേനയെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും അഡാറീ ആരോപിക്കുന്നു.
എന്നാല്‍ കമാൻഡറെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിൻ്റെ അവകാശവാദത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ബെഹ്ര്‍ ഷെവയിലെ സൊറോക് ആശുപത്രി തകര്‍ന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിലും റാമത് ഗനിലും മിസൈലാക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ മാറണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.














