ഇറാൻ ഇസ്രയേൽ സംഘർഷം;ഇനിയൊരു സൈനിക ഇടപെടൽ കൂടി ആവശ്യമില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്


ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ വിഷയത്തിൽ ഇനിയൊരു സൈനിക ഇടപെടൽ കൂടി ആവശ്യമില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്. അത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ അവ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഗുട്ടറസിൻ്റെ നിലപാട് വ്യക്തമാക്കാൻ മാധ്യമങ്ങളെ കണ്ട വക്താവ് ആവശ്യപ്പെട്ടു. തർക്കത്തെ ഇനിയും അന്താരാഷ്ടവത്കരിക്കരുതെന്നും സംഘർഷത്തിൽ ആശങ്കയുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കി. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഗുട്ടറസിൻ്റെ പ്രതികരണം.


ഗുട്ടറസിൻ്റെ ഔദ്യോഗിക വക്താവ് സ്റ്റീഫൻ ഡുജാറിക്കാണ് യുഎന്നിൻ്റെ ആശങ്കയും നിർദേശങ്ങളും അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട ആണവ വിഷയങ്ങളിൽ നയതന്ത്ര മാർഗങ്ങളിലൂടെത്തന്നെ പരിഹാരം കാണണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. യുഎൻ നിയമങ്ങളും കരാറുകളും എല്ലാ രാജ്യങ്ങളും പാലിക്കണം. യുഎന്നിന് നിലവിലെ സംഘർഷങ്ങളിൽ ആശങ്കയുണ്ട്. എന്നാൽ അവയിൽ സംസാരിച്ചുതന്നെ പരിഹാരം കാണണമെന്നാണ് യുഎൻ നിലപാട് എന്നും ഗുട്ടറസിന്റെ വക്താവ് അറിയിച്ചു.ഏത് സമയവും ഇറാനെ അക്രമിച്ചേക്കുമെന്ന സൂചന ട്രംപ് നേരത്തെ നൽകിയിരുന്നു. ‘ എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം.


ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല’, എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന് വളരെയധികം പ്രശ്നങ്ങളുണ്ടെന്നും അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ട് ഈ മരണവും നാശവും സംഭവിക്കുന്നതിന് മുമ്പ് എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചു. രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് എന്നോട് ചര്‍ച്ച നടത്തിയില്ല? നിങ്ങള്‍ക്ക് ഒരു രാജ്യമുണ്ടാകുമായിരുന്നുവെന്ന് ഞാന്‍ ജനങ്ങളോട് പറഞ്ഞു’, ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.



Sharing is Caring