
ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശമാണ് ഷവര്‍മയ്ക്കുള്ളിലെ മരണ കാരണമെന്ന് കരുതുന്നു.
വി പി ജോയ്

കൊച്ചി: ഷവര്‍മ മലയാളികളുടെ ഇഷ്ട ഭക്ഷണമായിട്ട് അധികാലമൊന്നുമായിട്ടില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയുടെ ജന്മനാട്. 1860 കളിലാണ് ഇത് പ്രചാരം നേടിയത്. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത ബന്ധത്തെ തുടര്‍ന്നാണ്, അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറുന്നതും. പക്ഷേ ഇപ്പോള്‍ ഷവര്‍മ കഴിച്ചതിന്റെ പേരില്‍ ഭക്ഷ്യവിഷബാധയടക്കമുള്ള നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗള്‍ഫ് നാടുകളില്‍ ഒരിക്കല്‍പ്പോലും അപകടമുണ്ടാക്കാത്ത ഷവര്‍മയെങ്ങനെ ഇവിടെമാത്രം വില്ലനാകുന്നു. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം.
അത് പരിഹരിക്കാനായി, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കയാണ്. ഇതോടെ ഷവര്‍മ വില്‍ക്കുന്ന കടകളില്‍ പത്തിലൊന്നിനും പൂട്ടുവീഴുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മണ്‍സൂണ്‍കാല പരിശോധനകളില്‍ ഷവര്‍മയ്ക്ക് മാത്രമായി രൂപവത്കരിച്ച സ്‌ക്വാഡ് ഒന്നര മാസംകൊണ്ട് 512 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നോട്ടീസ് നല്‍കി.
ഷവര്‍മ വില്‍ക്കുന്ന കടകള്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ മാത്രം ഏപ്രില്‍, മേയ് മാസങ്ങളിലായി 57 കടകളിലാണ് പരിശോധന നടത്തിയത്. 19 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ആറെണ്ണം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ 88,500 രൂപയാണ് എറണാകുളം ജില്ലയിലെ ഷവര്‍മ കടകളില്‍നിന്നു മാത്രം പിഴയീടാക്കിയത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സ്ഥിതി തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലയിടത്തും വൃത്തിഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്്.
ഭക്ഷ്യവിഷബാധ സാധ്യത
ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും, മയണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു. അതീവശ്രദ്ധയോടെയും വൃത്തിയോടെയും പാകംചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ. ഈ രണ്ടുകാര്യത്തിലുമുണ്ടാകുന്ന വീഴ്ചയാണ് ഷവര്‍മയെ പലപ്പോഴും വില്ലനാക്കുന്നത്. കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകംചെയ്ത് വില്‍ക്കുന്നവര്‍ക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു.
എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയില്‍ കോര്‍ത്ത് ഗ്രില്‍ അടുപ്പിന് മുന്നില്‍ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവര്‍മ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവര്‍മയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം. കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രി ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത. ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളിലേക്കും ഷവര്‍മയ്ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മയോണൈസിനെ സൂക്ഷിക്കുക
ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശമാണ് ഷവര്‍മയ്ക്കുള്ളിലെ മരണ കാരണമെന്ന് കരുതുന്നു. വീണ്ടും വീണ്ടും തണുപ്പിച്ചും ചൂടാക്കുകയും ചെയ്യുമ്പോഴും ഇറച്ചി പൂര്‍ണമായി വേവിക്കുന്നില്ല. ഈ അവസ്ഥയില്‍ ഇറച്ചിയില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇത്തരം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിന്‍ നിര്‍മിക്കുന്നത്. ഈ വിഷം ഉള്ളില്‍ച്ചെന്നാലുടന്‍ സ്‌കെലറ്റന്‍ മസില്‍സ് തളര്‍ന്നു തുടങ്ങും. 12 മണിക്കൂറിനകം ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ഷവര്‍മയ്ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് സാല്‍മൊണെല്ല പടരാന്‍ കാരണമായേക്കാം. മയോണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഷവര്‍മ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്നമുണ്ടാകാം.
ഏതുഭക്ഷണമായാലും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും പാകംചെയ്യുന്നതും അപകടമാണ്. നേരിട്ട് തീയില്‍വേ വിക്കാത്ത ഭക്ഷണമാണ് ഷവര്‍മ. അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചത്.
