മധ്യവയസ്‌കന്റെ മൂക്കിനിടിച്ച വീട്ടമ്മ അറസ്റ്റില്‍

മലപ്പുറം: അമ്പത്തഞ്ചുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ മുങ്ങി നടക്കുകയായിരുന്ന വീട്ടമ്മയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി പയ്യനാട് താമരശ്ശേരി മേലേതൊടിയില്‍ പള്ളാട്ടില്‍ റംലത്ത് (45)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
പയ്യനാട് നീലാമ്പ്ര സ്വദേശി അളഗിരി മകന്‍ കുഞ്ഞുട്ടി (55)ന്റെ മൂക്കിന്റെ എല്ലാണ് വീട്ടമ്മയുടെ മര്‍ദ്ദനത്തില്‍ പൊട്ടിയത്.  2013 മാര്‍ച്ച് രണ്ടിന് എട്ടു മണിക്ക് പയ്യനാട് കുട്ടിപ്പാറ റോഡിലാണ് സംഭവം. മണ്‍പാത്രം നിര്‍മ്മിച്ചു വില്‍ക്കുകയാണ് കുഞ്ഞുട്ടിയുടെ തൊഴില്‍. പാത്രങ്ങള്‍ നിര്‍മ്മിക്കാനായി കുഞ്ഞുട്ടി കൂട്ടിയിട്ട കളിമണ്ണില്‍ അയല്‍വാസിയായ റംലത്തിന്റെ മക്കള്‍ ചവിട്ടിക്കളിച്ചതാണ് പ്രശ്‌നം.  ഇതില്‍ കുട്ടികളെ കുഞ്ഞുട്ടി വഴക്കുപറഞ്ഞത് റംലത്തിന് ഇഷ്ടമായില്ല. രോഷാകുലയായ റംലത്ത് ജോലി ചെയ്തു കൊണ്ടിരിക്കയായിരുന്ന കുഞ്ഞുട്ടിയുടെ പക്കല്‍ നിന്നും തൂമ്പ പിടിച്ചു വാങ്ങി മൂക്കിനടിക്കുകയായിരുന്നു.  കുഞ്ഞുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ്സെടുത്തെങ്കിലും വീട്ടമ്മ ഒളിവിലായി. അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാനായത്.