കല്‍പ്പറ്റ: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സ തേടി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ ഏഴുവയസുകാരി മരിച്ചു. കണിയാരം പാലാകുളി വാളാലില്‍ പ്രകാശന്റെ മകള്‍ ദേവിക (ഏഴ്)ആണ് മരിച്ചത്. മരുന്നുമാറി കുത്തിവച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡ്യൂട്ടി ഡോക്ടറെ ഉപരോധിച്ചു. ദേവികക്കും സഹോദരന്‍ യദുപ്രകാശ്, സഹോദരി ദേവപ്രിയയ്ക്കും വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെതുടര്‍ന്ന് ഞായറാഴ്ച ജില്ലാആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.
ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് കുട്ടികളുടെ മാതാവ് ഷില്‍നയും അംഗന്‍വാടി ജീവനക്കാരിയും ചേര്‍ന്ന് മൂന്നുപേരെയും വീണ്ടും ആശുപത്രിയിലെത്തിച്ചു. ദേവികയെ അത്യാഹിതവിഭാഗത്തിലും മറ്റ് രണ്ട്‌പേരെ നിരീക്ഷണത്തിലുമായിരുന്നു പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒന്നരയോടെ ദേവികക്ക് വിറയല്‍ അനുഭവപ്പെടുകയും ഡ്യൂട്ടി ഡോക്ടര്‍ മരുന്ന് കുത്തിവയ്ക്കുകയുമായിരുന്നു. അരമണിക്കൂറിനുശേഷം കുട്ടി മരിച്ചു. അപസ്മാര രോഗം ഇല്ലാത്ത കുട്ടിക്ക് അപസ്മാരത്തിനുള്ള മരുന്നാണ് ഡോക്ടര്‍ കുത്തിവച്ചതെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഡ്യൂട്ടി ഡോക്ടറെ ഉപരോധിച്ചു.
മരണകാരണം വ്യക്തമാകാന്‍ കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും ഇതിനുള്ള ചെലവ് ജില്ലാ ആശുപത്രി അധികൃതര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര ചികിത്സാ സഹായമായി 5000 രൂപ നല്‍കുമെന്നും മൂന്നുദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം നാലരയോടെ സമരം അവസാനിപ്പിച്ചു. മരിച്ച ദേവിക കണിയാരം സെന്റ് ജോസഫ് ടിടിഐ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടി മരിച്ച സംഭവത്തില്‍ ഡ്യൂട്ടിഡോക്ടര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിലനില്‍ക്കുന്ന അനാസ്ഥയ്ക്ക് ഒരു രക്തസാക്ഷികൂടിയായി. മുമ്പ് മൂന്നാം ക്ലാസുകാരിയായൊരു കുട്ടിക്ക് എച്ച് ഐ വി പോസിറ്റീവ് രക്തം കുത്തിവെച്ചതിലൂടെ നേരത്തെ ജില്ലാ ആശുപത്രി വിവാദത്തിലായിരുന്നു.
FLASHNEWS