കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ എക്‌സൈസ് വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു. വടകരയ്ക്കടുത്ത് ചെമ്മരത്തൂരിലെ ശ്രീജിത്ത് (35)നെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാലത്ത് 11.30 ഓടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പു മുറിയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നിന്ന് വിദേശത്തേക്ക് പോയ യുവാവിന്റെ കൈവശം, വസ്ത്രത്തിനുള്ളില്‍ ബ്രൗണ്‍ ഷുഗര്‍ ഒളിപ്പിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ റാസിഖ് എന്നയാളെ ബാലുശ്ശേരി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തിരുന്നു. ബാലുശ്ശേരി കാവില്‍ വെള്ളിലേരി ജറിഷ് വശമാണ് വസ്ത്രത്തിനൊപ്പം മയക്കുമരുന്ന് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കൊടുത്തയിച്ചിരുന്നത്. എന്നാല്‍ പായ്ക്കറ്റിന് ഭാരം കൂടുതലായതിനാല്‍ ജറീഷ് കൊടുത്തുവിട്ട പൊതി വിദേശത്തേക്ക് കൊണ്ടുപോയില്ല.
കൊടുത്തയച്ച സാധനം കൈപ്പറ്റാന്‍ ഉടമസ്ഥന്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൊതി ഭാരം കൂടുതല്‍ കാരണം എടുത്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും വാങ്ങിക്കാനെത്തിയ ആള്‍ ജറീഷിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പായ്ക്കറ്റ് തുറന്നു നോക്കാന്‍ ജറീഷ് വീട്ടുകാരോട് ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഡ്രസ്സിനുള്ളില്‍ ഒളിപ്പിച്ച ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും പായ്ക്കറ്റ് നല്‍കിയവരെയും വിവരമറിയിച്ചു. പായ്ക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് മലപ്പുറം സ്വദേശിയായ റാസിഖ് അറസ്റ്റിലാവുകയും ഒരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തത്. റാസിഖിനെ ചോദ്യം ചെയ്ത ശേഷം ജറീഷില്‍ നിന്നും എക്‌സൈസ് വിവരം ശേഖരിച്ചിരുന്നു. ശ്രീജിത്ത് ഫോണ്‍ ചെയ്ത് പറഞ്ഞത് പ്രകാരമാണ് പൊതി താന്‍ എടുത്തതെന്ന് ജറീഷ് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര എക്‌സൈസ് സി ഐ രവീന്ദ്രനും ബാലുശ്ശേരി എക്‌സൈസ് സി ഐ ശ്രീനിവാസനും ചേര്‍ന്ന് ശ്രീജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചത്. ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ വിളിപ്പിച്ചിരുന്നു. ഇന്നലെ കാലത്ത് ശ്രീജിത്ത് എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് ഉച്ചയ്ക്ക് ശേഷം എത്തിയാല്‍ മതിയോ എന്ന് ആരാഞ്ഞിരുന്നു.
ഉച്ചയ്ക്കുശേഷം ഓഫീസിലെത്താമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇയാള്‍ കേസ്സിലെ പ്രതിയെല്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 22 ദിവസം മുമ്പ് തന്റെ പിതാവ് അമ്പുകണ്ടി കുഞ്ഞികൃഷ്ണകുറുപ്പ് മരിച്ചപ്പോളാണ് ശ്രീജിത്ത് ഗല്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഭാര്യ: ആശ. മകന്‍: ദീക്ഷിത്ത് (ശംഖുരു), മാതാവ്: ദേവകി അമ്മ. സഹോദരങ്ങള്‍: പ്രേംകുമാര്‍, മോഹന്‍ദാസ്, ശശി.
FLASHNEWS