പക്ഷിപ്പനി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ജാഗ്രതവേണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ അവയുടെവിസര്‍ജ്യമോ ഒക്കെ കൈകാര്യം ചെയ്യേണ്ടി വന്നാല്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം.
രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗംബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും മുഖാവരണവും ധരിക്കണം.കോഴിമാംസം കൈകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും സോപ്പുപയോഗിച്ചു കൈ കഴുകണം. നന്നായി പാചകംചെയ്തുമാത്രം മാംസവും മുട്ടയും ഉപയോഗിക്കുക.
ബുള്‍സ് ഐ പോലുള്ളവ ഒഴിവാക്കുക. അസാധാരണമാംവിധം പക്ഷികളുടെ/ദേശാടനപ്പക്ഷികളുടെ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പില്‍ അറിയിക്കണം.പക്ഷികളെ കൈകാര്യംചെയ്തശേഷം ശാരീരിക അസ്വസ്ഥത തോന്നിയാല്‍ ഡോക്ടറെ കാണണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചീകരണത്തിനായി രണ്ടുശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.അണുനാശനം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പാക്കണം.
രോഗബാധയേറ്റ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ അരുത്. രോഗബാധിത പ്രദേശത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു മറവുചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍റൂം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 0477 2252636.