ആള്‍ദൈവം ജലേബി ബാബയ്ക്ക് പീഡന പരാതികളില്‍ 14 വര്‍ഷം കഠിനതടവിന് വിധിച്ച്‌ ഹരിയാന കോടതി

വിവാദ ആള്‍ദൈവം ജലേബി ബാബയ്ക്ക് വിവിധ പീഡന പരാതികളില്‍ 14 വര്‍ഷം കഠിനതടവിന് വിധിച്ച്‌ ഹരിയാന കോടതി.
പഞ്ചാബ് സ്വദേശിയായ അമര്‍പുരി ബില്ലു പിന്നീട് ജലേബി ബാബ എന്ന പേരില്‍ ആള്‍ദൈവമായി മാറുകയായിരുന്നു. ഇയാള്‍ നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി വിചാരണ വേളയില്‍ തെളിഞ്ഞിരുന്നു. തന്റെ പക്കല്‍ പ്രശ്ന പരിഹാരത്തിന് എത്തിയവര്‍ അടക്കമുള്ള യുവതികളെയാണ് ഇയാള്‍ ലഹരി നല്‍കി പീഡനത്തിന് വിധേയമാക്കിയത്.

പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യും. ഈ ദൃശ്യങ്ങളുപയോഗിച്ച്‌ ഇരകളെ ഭീഷണപ്പെടുത്തിയാണ് നിയമനടപടികളില്‍ നിന്നും രക്ഷപ്പെട്ട് വന്നിരുന്നത്. ഇത്തരത്തിലൊരു വീഡിയോ ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ആള്‍ദൈവത്തിന്റെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പിടിവീണത്.

23 വര്‍ഷം മുന്‍പ് പഞ്ചാബില്‍ നിന്നും ഹരിയാനയിലെ തോഹാനയിലേയ്ക്ക് കുടിയേറിയ അമര്‍പുരി ബില്ലു ആണ് സംസ്ഥാനത്തെ ഞെട്ടിച്ച കുറ്റകൃത്യപരമ്ബരയ്ക്ക് പിന്നിലെ ജലേബി ബാബ. ആറ് കുട്ടികളുടെ പിതാവായ ബില്ലു പ്രദേശത്ത് ജലേബി കച്ചവടം നടത്തി വരവേയാണ് ഗുരുവെന്ന് പറയപ്പെടുന്ന ദുര്‍മന്ത്രവാദിയുമായി പരിചയത്തിലാകുന്നത്. ഇതിന് ശേഷം കുറച്ച്‌ വര്‍ഷത്തേയ്ക്ക് അപ്രത്യക്ഷനായ ഇയാള്‍ പിന്നീട് ആള്‍ദൈവത്തിന്റെ രൂപത്തിലാണ് തിരികെയെത്തിയത്.

പിന്നീട് ജലേബി ബാബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബില്ലുവിന്റെ സന്ദര്‍ശകരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നതായാണ് വിവരം. ഇവരില്‍ പലരെയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കി വന്നത്. 2019-ല്‍ പീഡനത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ജലേബി ബാബയുടെ പീഡന പരമ്ബര പുറത്തറിയുന്നത്. വീഡിയോ ദൃശ്യത്തിന്റെ ഉറവിടം തേടിയുള്ള പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് ആള്‍ദൈവത്തിന്റെ പക്കലായിരുന്നു. പിന്നീട് ഫോണ്‍ പരിശോധിച്ചതില്‍ നിന്നും 120 സ്ത്രീകളുമായുള്ള വീഡിയോ ക്ളിപ്പുകളാണ് അന്വേഷണ സംഘം കണ്ടെത്തിത്.

2018-ല്‍ മറ്റൊരു പീ‌ഡനകേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയായിരുന്നു ഇയാള്‍ കുറ്റകൃത്യം തുടര്‍ന്ന് പോന്നിരുന്നത്. വീണ്ടും പിടിയിലായതോടെ മറ്റ് സ്ത്രീകളും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിവിധ കേസുകളിലായാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസില്‍ 14 വര്‍ഷവും ഐടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷവും ബലാത്സംഗകുറ്റത്തിന് മറ്റൊരു 14 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷാ കാലാവധി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *