ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 604 ആയി. ഇതില്‍ 120 പേര്‍ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ 80 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. ഇസ്രായേല്‍ ആക്രമണം പതിനഞ്ച് ദിവസം പിന്നിട്ടപ്പോള്‍ അഭയാര്‍ത്ഥികളായവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 5000ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ ഇനിയും തെളിഞ്ഞിട്ടില്ല. വെടിനിര്‍ത്തലിനുള്ള വിവിധ സന്നദ്ധ സംഘടനകള്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടത് ഇസ്രായേല്‍ സൈന്യം നിരാകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു പള്ളികളും, ഒരു ആശുപത്രിയും, ഒരു സ്‌റ്റേഡിയവും തകര്‍ന്നു. വ്യോമാക്രമണത്തിനൊപ്പം കരയാക്രമണവും ഇസ്രായേല്‍ ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ സമാധാന ശ്രമങ്ങളുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ബാന്‍കി മൂണ്‍ ടെല്‍ അവീവിലത്തെി. ഇരു വിഭാഗവും ആക്രമണം നിര്‍ത്തി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്ന് ഇസ്രായേല്‍പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ രക്തച്ചൊരിച്ചില്‍ നിര്‍ത്താനും വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ ആരായാനും രാജ്യാന്തരതലത്തില്‍ ശ്രമം ഉണ്ടാകണമെന്നു ബാന്‍കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. ബാന്‍കി മൂണ്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വെടിനിര്‍ത്തല്‍ ശ്രമം തുടരുന്നുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെറി ഖത്തര്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഖത്തറില്‍ ഹമാസ് മേധാവി ഖാലിദ് മിഷാലും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം മിഷാല്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിലേയ്ക്ക് തിരിച്ചു. സമാധാനത്തിനായി യു.എന്‍ രക്ഷാസമിതിയും ആഹ്വാനം ചെയ്തു.

